ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്
ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെ 38ാം പിറന്നാളാണ് ഇന്ന്. 2019 ലേതു പോലെ വിജയങ്ങളുടെ വർഷമായിരുന്നില്ല പൃഥ്വിരാജിന് ഇത്. വ്യക്തി പരമായും കരിയറിലും നിരവധി നഷ്ടങ്ങളും പ്രതിസന്ധികളും ഇതിനോടകം താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ ഇനി വരാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ താരത്തിന്റെ രണ്ടാമത്ത സംവിധാന സംരംഭമായ എമ്പുരാനും ഉൾപ്പെടുന്നുണ്ട്.

ആടു ജീവിതം

ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതമാണ് കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷ വർധിപ്പിക്കുന്നത്. ചിത്രത്തിനായി താരം നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിനു വേണ്ടി മാത്രം മൂന്ന് മാസമാണ് താരം മാറ്റിവച്ചത്. ബന്യാമിന്റെ പ്രശസ്തമായ നോവൽ ആടു ജീവിതത്തിന്റെ സിനിമ ആവിഷ്കാരമാണ് ഇത്. ജോർദാനിലെ ചിത്രത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂൾ പൂർത്തിയാക്കിയെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ബാക്കി ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്. 

എമ്പുരാന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. 2019 ല്‍ സൂപ്പര്‍ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

കടുവ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് കടുവ. കടുവാക്കുന്നേല്‍് കുറുവാച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. സുരേഷ് ഗോപിയുടെ 250ാം ചിത്രവുമായി സാമ്യമുണ്ടെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 

വാരിയംകുന്നന്‍

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമാണ് വാരിയന്‍കുന്നന്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം സ്വാതന്ത്ര സമര പോരാളി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ്. മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതിനിടെ ചിത്രം പ്രഖ്യാപിച്ചതു മുതല്‍ കുഞ്ഞഹമ്മദ് ഹാജിയെ സ്തുതിക്കുമെന്ന് ആരോപിച്ച് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. 

വിലായത്ത് ബുദ്ധ

അന്തരിച്ച സംവിധായകന്‍ സച്ചി അവസാനമായി എഴുതിയ തിരക്കയാണ് വിലായത്ത് ബുദ്ധ. ജിആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. ഡബിള്‍ മോഹന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സച്ചിയ്ക്കു വേണ്ടി ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കറാച്ചി 81

ഇന്ത്യ കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയാണ് കറാച്ചി 81 പറയുന്നത്. പൃഥ്വിരാജിനൊപ്പം ടൊവിനോയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കെഎസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫാണ്. രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയാണ് കറാച്ചി 81

കാളിയന്‍

പൃഥ്വിരാജിനെ നായകനായി എത്തുന്ന മറ്റൊരു ചരിത്ര സിനിമയാണ് കാളിയന്‍. വേണാടിന്റെ പോരാളികളെക്കുറിച്ചാണ് സിനിമയില്‍ പറയുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം സത്യരാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

മീറ്റര്‍ ഗേജ് 1904

തിരുവിതാംകൂര്‍ രാജ്യത്തെ ആദ്യത്തെ മീറ്റര്‍ഗേജ് ട്രെയിന്‍ സര്‍വീസിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. വിമാനത്തിന് ശേഷം പ്രദീപ് എം നായരും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടവും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്. 

അയ്യപ്പന്‍

അയ്യപ്പ സ്വാമിയായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് അയ്യപ്പന്‍. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ശബരിമല സ്ത്രീ പ്രവേശനം വാര്‍ത്തയില്‍ നിറഞ്ഞപ്പോഴാണ് ചിത്രം പ്രഖ്യാപിക്കുന്നത്. 

വെര്‍ച്വല്‍ രീതിയില്‍ ചിത്രീകരിക്കുന്ന പുരാണ കഥയും താരം പ്രഖ്യാപിച്ചിട്ടുണ്ട്. അവതാറും ലയണ്‍ കിങ്ങും പോലെ പൂര്‍ണമായി വെര്‍ച്വലായി ചിത്രീകരിക്കുന്നു എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തു തന്നെ ഇത്തരത്തില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ ചിത്രമാണിത്. ഗോകുല്‍ ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തില്‍ മാത്രമാണ് ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കൂടി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com