സർക്കാർ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി 'ദൃശ്യം 2' സെറ്റ് നിർമാണം, തടഞ്ഞ് ഹരിത മിഷൻ പ്രവർത്തകർ; കളക്ടർ ഇടപെട്ട് അനുമതി

സർക്കാർഭൂമിയിൽ തൈകൾ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്
സർക്കാർ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി 'ദൃശ്യം 2' സെറ്റ് നിർമാണം, തടഞ്ഞ് ഹരിത മിഷൻ പ്രവർത്തകർ; കളക്ടർ ഇടപെട്ട് അനുമതി

മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 ന്റെ സെറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിവാദം. സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറിയാണ് തൊടുപുഴ കുടയത്തൂരില്‍ സെറ്റ് നിർമിക്കുന്നത്. പഞ്ചായത്ത് പരാതിയുമായി രം​ഗത്തെത്തിയതോടെ ഹരിത മിഷൻ പ്രവർത്തകർ എത്തി സെറ്റിന്റെ നിർമാണം തടഞ്ഞു. തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ടതോടെ ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച്  ചിത്രീകരണം നടത്താന്‌‍ അനുമതി നല്‍കി. 

ദൃശ്യം 2 ന്റെ ചിത്രീകരണത്തിനായാണ് കുടയത്തൂർ കൈപ്പകവലയിൽ സെറ്റിട്ടത്. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള ലൊക്കേഷന്റെ സെറ്റ് ഇവിടെയായിരുന്നു. ഹരിതകേരളം പദ്ധതിക്ക് കീഴിൽ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സർക്കാർഭൂമിയിൽ തൈകൾ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്. കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനത്തിന് ശേഷം കേരള സർക്കാർ പച്ചതുരുത്ത് എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് സിനിമ സംഘം നിർമാണം നടത്തിയത്. 

അത് ശ്രദ്ധയിൽപ്പെട്ടതോടെ കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തിൽ  സ്ഥലത്ത് എത്തിയ ഹരിത മിഷൻ പ്രവർത്തകർ നിർമാണം തടഞ്ഞു. പഞ്ചായത്തിന്റെ പരാതി ലഭിച്ചതോടെ ജില്ലാ കലക്ടർ ഇടപെട്ട് ഇരുപത്തി അയ്യായിരം രൂപയുടെ ബോണ്ടിന്മേൽ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ചിത്രീകരണം തുടരാൻ അനുവദിച്ചിട്ടുണ്ട്. മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത്  നേരത്തെ തന്നെ ചിത്രീകരണ അനുമതി  വാങ്ങിയിരുന്നതായി ദൃശ്യം 2 സിനിമാ സംഘം വ്യക്തമാക്കി. പച്ചതുരുത്ത് നശിപ്പിക്കാതെ  ചിത്രീകരണം തുടരുമെന്നാണ് അണിയറ പ്രവർത്തകരുടെ ഉറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com