'തമിഴ് റോക്കേഴ്സ്' എന്ന പേരുപോലും ഇനി ഇല്ല, പൈറസി വെബ്സൈറ്റിന് പൂട്ടുവീണു

ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ സിനിമകളുടേയും വ്യാജപതിപ്പ് മിനിറ്റുകൾക്കുള്ളിൽ ‌പുറത്തിറങ്ങിയതോടെയാണ് പിടിവീണത്
'തമിഴ് റോക്കേഴ്സ്' എന്ന പേരുപോലും ഇനി ഇല്ല, പൈറസി വെബ്സൈറ്റിന് പൂട്ടുവീണു


സിനിമാ ലോകത്തിന് ഒന്നടങ്കം തലവേദന സൃഷ്ടിച്ചിരുന്ന പൈറസി വെബ്സൈറ്റ് തമിഴ്റോക്കേഴ്‌സിന് പൂട്ട് വീണു. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസ്സൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് രജിസ്ട്രിയില്‍ (ഐസിഎഎൻഎൻ) നിന്ന് തമിള്‍റോക്കേഴ്‌സിനെ നീക്കിയതോടെയാണ് സൈറ്റ് അപ്രത്യക്ഷമായത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ സിനിമകളുടേയും വ്യാജപതിപ്പ് മിനിറ്റുകൾക്കുള്ളിൽ ‌പുറത്തിറങ്ങിയതോടെയാണ് പിടിവീണത്. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുന്‍നിര്‍ത്തി ആമസോണ്‍ ഇന്റര്‍നാഷനല്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. 

ഡൊമൈന്‍ സസ്പെൻഡ് ചെയ്തതോടെ തമിഴ്റോക്കേഴ്സ് എന്ന പേരിലോ അതിനു സമാനമായ പേരിലോ വെബ്സൈറ്റിനു റജിസ്റ്റർ ചെയ്യാനാകില്ല. ഇതോടു കൂടി തമിഴ്റോക്കേഴ്സ് എന്ന പേരു തന്നെ ഇന്റർനെറ്റ് ലോകത്തുനിന്നു അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇതിന് മുൻപും തമിഴ്റോക്കേഴ്സിനെ ബ്ലോക്ക്ചെയ്തിട്ടുണ്ടെങ്കിലും ഡൊമൈനുകള്‍ നിരന്തരം പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുകയാണ് ഇവർ ചെയ്യാറുള്ളത്. അതിനാൽ വൈകാതെ തന്നെ വെബ്‌സൈറ്റ് തിരിച്ചുവരാനും സാധ്യതയുണ്ട്. 

തീയെറ്റർ റിലീസിന് തൊട്ടുപിന്നാലെ വ്യാജൻ പുറത്തിറക്കിയാണ് തമിഴ്റോക്കേഴ്സ് കുപ്രസിദ്ധി ആർജിക്കുന്നത്. ഇവരെ പിടിച്ചുകെട്ടാൻ പലശ്രമങ്ങളും നടന്നെങ്കിലും ഫലം കണ്ടില്ല. തമിഴ്, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലിഷ്, മലയാളം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലേയും പുതിയ ചിത്രങ്ങളുടെ വ്യാജൻ തമിഴ്റോക്കേഴ്സ് പുറത്തിറക്കാറുണ്ട്. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവ തമിഴ്റോക്കേഴ്സിൽ എത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുതല്‍ സൈറ്റ് ലഭ്യമാകാതിരുന്നതോടെയാണ് അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com