അവഞ്ചേഴ്സ് താരം സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി, വരൻ കൊമേഡിയൻ കോളിൻ ജോസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th October 2020 01:06 PM |
Last Updated: 30th October 2020 01:06 PM | A+A A- |
പ്രമുഖ ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി. കൊമേഡിയനായ കോളിൻ ജോസ്റ്റ് ആണ് വരൻ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ചാരിറ്റി സംഘടനയായ ഫുഡ് ഓൺ വീൽസാണ് വാർത്ത പുറത്തുവിട്ടത്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവരെ സഹായിക്കുന്നതിനായി ഫുഡ് ഓൺ വീലിനെ പിന്തുണയ്ക്കാനാണ് നവദമ്പതികളുടെ തീരുമാനം.
അവഞ്ചേഴ്സ് സിനിമകളിലൂടെ ശ്രദ്ധേയയായ 35കാരിയായ സ്കാർലെറ്റിന്റെ മൂന്നാം വിവാഹമാണിത്. 38 കാരനായ കോളിന്റെ ആദ്യ വിവാഹമാണ്. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2017 ലാണ് കോളിൻ ജോസ്റ്റിനൊപ്പം സ്കാർലെറ്റ് ആദ്യമായി പൊതുവേദിയിൽ എത്തുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ഹോളിവുഡ് നടനായ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008–ൽ വിവാഹിതരായ ഇവർ 2010–ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്കാർലെറ്റ് 2017 ൽ വിവാഹമോചിതയായി. ഇതിൽ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്.
മാർവെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്കാർലെറ്റിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ വർഷം റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. നിരവധി മാർവൽ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഈ വർഷം ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് രണ്ട് ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.