'സ്ത്രീകൾ ചെയ്യേണ്ടത് വീട്ടുപണി, ജോലി ചെയ്യാനിറങ്ങിയതോടെയാണ് മീടൂ തുടങ്ങിയത്'; വിവാദ പരാമർശവുമായി മുകേഷ് ഖന്ന; വിമർശനം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2020 01:13 PM  |  

Last Updated: 31st October 2020 01:14 PM  |   A+A-   |  

mukesh_khanna

 

മീടൂ പ്രശ്നങ്ങളുണ്ടാവാൻ കാരണം സ്ത്രീകൾ ജോലിക്ക് പോകുന്നതുകൊണ്ടാണെന്ന് മുകേഷ് ഖന്ന. വീട്ടുപണികളാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നും ജോലി ചെയ്യാനിറങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സ്ത്രീകളെക്കുറിച്ചും മീടു മൂവ്മെന്റിനെക്കുറിച്ചുമുള്ള താരത്തിന്റെ വിവാദ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്. 

'പുരുഷനും സ്ത്രീകളും വ്യത്യസ്തരാണ്. വീടി​ന്റെ പരിപാലനമാണ്​ സ്​ത്രീകളുടെ ജോലി. സ്​ത്രീകൾ ജോലി ചെയ്യാൻ തുടങ്ങി​യതോടെയാണ് മീടു മൂവ്​മെൻറ്​ പ്രശ്​നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന്​ സ്ത്രീകൾ സംസാരിക്കുന്നതുതന്നെ പുരുഷൻമാരുടെ തോളോട്​ തോൾ ചേർന്ന്​ നടക്കുന്നത്​ സംബന്ധിച്ചാണ്​. സ്ത്രീകൾ ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികൾക്ക് അമ്മയെ നഷ്ടമാവുകയാണ്. എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് ഇതുകൊണ്ടാണ്'- മുകേഷ് ഖന്ന പറയുന്നത്. 

ശക്തിമാൻ എന്ന സൂപ്പർഹീറോ പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് മുകേഷ് ഖന്ന. താരത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണ്. ഇത്തരം ചിന്താ​ഗതിയുള്ള ആളെയാണോ ചെറുപ്പത്തിൽ ആരാധിച്ചത് എന്നാണ് പലരുടേയും ചോദ്യം. ജോലിക്കായി പുറത്തിറങ്ങുന്ന സ്ത്രീകളെയെല്ലാം പുരുഷന്മാർക്ക് പീഡിപ്പിക്കാൻ അധികാരമുണ്ടോ എന്നും സുരക്ഷ വേണമെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കണം എന്നാണോ എന്നും ചോദ്യം ഉയർത്തുന്നവരുണ്ട്.