കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം; ബിരിയാണിയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ്

സ‍ജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം; ബിരിയാണിയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ്

'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരമാണ് താരത്തിന് ലഭിച്ചത്. സ‍ജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ചിത്രത്തിൽ കദീജ എന്ന മുസ്ലീം പെൺകുട്ടിയായാണ് കനി അഭിനയിക്കുന്നത്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് "ബിരിയാണി" പറയുന്നത്. ശൈലജ ജലയാണ് ഉമ്മയായി അഭിനയിക്കുന്നത്. 

മുൻപും ചിത്രത്തെ തേടി അന്താരാഷ്ട്ര പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്തിരുന്നു. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലേക്കും, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. യു എ എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ബിരിയാണിയുടെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാർ നിർവ്വഹിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com