ചലച്ചിത്ര നടൻ കെ സി കെ ജബ്ബാർ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th September 2020 09:58 AM |
Last Updated: 12th September 2020 09:58 AM | A+A A- |
കണ്ണൂർ: പഴയകാല മലയാള ചലച്ചിത്ര നടൻ കെ സി കെ ജബ്ബാർ അന്തരിച്ചു. 74 വയസ്സായിരുന്നു. സുനിൽ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂർ ചിറക്കൽ കെ സി കെ ഹൗസിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ എസ് മൊയ്തുവിന്റെയും മറിയുമ്മയുടെയും ഏക മകനാണ്. കണ്ണൂർ താണയിലെ വാടക വീട്ടിലായിരുന്നു താമസം. നാടക രംഗത്തു നിന്നു സിനിമയിലെത്തിയ അദ്ദേഹം അൻപതോളം സിനിമകളിൽ അഭിനയിച്ചു.
1970ൽ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായ "അക്കരപ്പച്ച" എന്ന സിനിമയിലൂടെ സത്യനോടൊപ്പം നായകവേഷം കൈകാര്യം ചെയ്തായിരുന്നു സിനിമാ ജീവിതത്തിന്യി തുടക്കമിട്ടത്. ഇതിൽ അഭിനയിക്കുമ്പോൾ സത്യനാണ് സുനിൽ എന്നു പേരിട്ടത്.
ഐ വി ശശിയുടെ അയൽക്കാരി, എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കുമൊപ്പം ആനന്ദം പരമാനന്ദം, പി ഭാസ്ക്കരന്റെ ജഗദ് ഗുരു ആദിശങ്കരൻ എന്നിവയടക്കം അമ്പതോളം ചിത്രങ്ങളിൽ നായകനായും ഉപനായകനായും അഭിനയിച്ചു.
മമ്മുട്ടി, സുകുമാരൻ, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവർഷം, ഉരുക്കുമുഷ്ടികൾ, കുളപ്പടവുകൾ, അനന്തം അജ്ഞാതം അവർണനീയം തുടങ്ങി നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. നാടക, സിനിമാ രംഗത്തെ മികവിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.