അതെ, ഞങ്ങൾക്ക് കാലുകളുണ്ട്! 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള നായികമാർ 

അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു
അതെ, ഞങ്ങൾക്ക് കാലുകളുണ്ട്! 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള നായികമാർ 

ഷോർട്ട്സ് ധരിച്ച ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ അസഭ്യവർഷം നേരിടേണ്ടി വന്ന നടി അനശ്വര രാജന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളനായികമാർ. ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ഞങ്ങൾക്ക് കാലുകളുണ്ടെന്ന് ഉറക്കെപറയുകയാണ് റിമ ക​ല്ലിങ്കൽ മുതൽ അഹാന കൃഷ്ണ വരെയുള്ള നടിമാർ. അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു. 

‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’ എന്ന് കുറിച്ച് നീന്തൽ വസ്ത്രം ധരിച്ചുള്ള ചിത്രമാണ് റിമ പങ്കുവച്ചത്.  പിന്നാലെ അനാർക്കലിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് അടെ ഞങ്ങൾക്കും കാലുകളുണ്ടെന്ന് ഹാഷ്ടാ​ഗ് കുറിച്ചു. കുട്ടിയുടുപ്പിൽ ചിത്രം പങ്കുവച്ച് നടി അഹാന കൃഷ്ണയും പ്രതിഷേധത്തിൽ ചേർന്നു. തേർഡ് റേറ്റ് കമന്റുമായി വരുന്നവരുടെ എണ്ണമെടുക്കാനാണ് ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

‘ഒന്നാമത്തെ കാര്യം, ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നതും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഷോർട്സ്, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും ധരിക്കും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല, ചിത്രത്തോടൊപ്പം അഹാന കുറിച്ചതിങ്ങനെ. 

പുരുഷന്മാർ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താൽ, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി പക്ഷേ അതൊരു പെൺകുട്ടി ചെയ്താൽ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരമെന്ന് അഹാന കുറ്റപ്പെടുത്തി. 

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം. ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി നൽകി. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വരയുടെ മറുപടി. ഇതിനുപിന്നാലെയാണ് പിന്തുണയുമായി നടിമാർ രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com