രണ്ടര വർഷം മുൻപ് ആരാധകന് കൊടുത്ത പൾസർ തിരിച്ചെത്തിയത് കഫെ റേസറായി; പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി ഉണ്ണി മുകുന്ദൻ; വിഡിയോ

രണ്ടര വർഷം മുൻ ആരാധകന് നൽകിയ പൾസർ ബൈക്കാണ് താരത്തിന് കഫേ റേസർ രൂപത്തിൽ തിരിച്ചുകിട്ടിയത്
രണ്ടര വർഷം മുൻപ് ആരാധകന് കൊടുത്ത പൾസർ തിരിച്ചെത്തിയത് കഫെ റേസറായി; പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി ഉണ്ണി മുകുന്ദൻ; വിഡിയോ

യുവതാരം ഉണ്ണി മുകുന്ദന്റെ പിറന്നാളായിരുന്നു ഇന്നലെ. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി. തന്റെ സ്പെഷ്യൽ ഡേയിൽ നിർമാണ രംഗത്തേക്കുകൂടി ചുവടുവെച്ചിരിക്കുകയാണ് താരം. എന്നാൽ അതിനേക്കാളേറെ താരത്തെ ഞെട്ടിച്ചത് ആരാധകരുടെ സ്പെഷ്യൽ സമ്മാനമാണ്. താരത്തിന് ഏറ്റവും പ്രിയപ്പെട്ട ഒന്ന് മറ്റൊരു രൂപത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രണ്ടര വർഷം മുൻ ആരാധകന് നൽകിയ പൾസർ ബൈക്കാണ് താരത്തിന് കഫേ റേസർ രൂപത്തിൽ തിരിച്ചുകിട്ടിയത്. 

സിനിമകളെപ്പോലെതന്നെ ഉണ്ണി മുകുന്ദനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് ബൈക്കുകൾ. എല്ലാ വാഹന പ്രേമികൾക്കും തന്റെ ആദ്യ വാഹനം എന്നും സ്പെഷ്യലായിരിക്കും. അതുപോലെ ഉണ്ണി മുകുന്ദന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു പൾസർ. സിനിമയിൽ എത്തിയതിന് ശേഷം ആരാധകരിൽ ഒരാൾക്ക് ജോലിയുടെ ആവശ്യത്തിനായി താരം നൽകുകയായിരുന്നു. താരത്തിന്റെ ആദ്യ ബൈക്കായതിനാൽ 'കഫെ റേസര്‍' മാതൃകയില്‍ മോഡിഫൈ ചെയ്ത് ആരാധകര്‍ പിറന്നാള്‍ സമ്മാനമായി തിരിച്ചേല്‍പ്പിക്കുകയായിരുന്നു. താരം താമസിക്കുന്ന ഫ്ളാറ്റിൽ എത്തിയാണ് ആരാധകർ സമ്മാനം നൽകിയത്. 

മോഡിഫൈ ചെയ്ത സ്വന്തം ബൈക്ക് സമ്മാനം എത്തിച്ചവര്‍ക്കു മുന്നില്‍വച്ചുതന്നെ ഓടിച്ചുനോക്കി അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് ഉണ്ണി മടങ്ങിയത്. ആദ്യമായി സ്വന്തമാക്കിയ വാഹനം ആയിരുന്നിട്ടുകൂടി ഒരു ആവശ്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അത് നല്‍കാന്‍ കാണിച്ച ഉണ്ണിയുടെ മനസിലെക്കുറിച്ചും ആരാധകരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്പെഷ്യൽ സമ്മാനത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രവും ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു. 'ബ്രൂസ് ലീ' എന്നു പേര് നൽകിയിരിക്കുന്ന ചിത്രം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്.  ഉണ്ണി തന്നെയാണ് നിർമാണം.  ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com