ഒറ്റ ദിവസം റെക്കോര്‍ഡ് ചെയ്തത് 21 പാട്ടുകള്‍, തെലുങ്കിലും കന്നഡയിലും കമലഹാസന്റെ ശബ്ദമായി; ദേവരാജനിലൂടെ മലയാളത്തില്‍

അപാരമായ ശ്വസനക്ഷമതകൊണ്ട് ചലച്ചിത്ര രംഗത്ത് വിസ്മയം തീര്‍ത്ത പിന്നണി ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം
ഒറ്റ ദിവസം റെക്കോര്‍ഡ് ചെയ്തത് 21 പാട്ടുകള്‍, തെലുങ്കിലും കന്നഡയിലും കമലഹാസന്റെ ശബ്ദമായി; ദേവരാജനിലൂടെ മലയാളത്തില്‍

അപാരമായ ശ്വസനക്ഷമതകൊണ്ട് ചലച്ചിത്ര രംഗത്ത് വിസ്മയം തീര്‍ത്ത പിന്നണി ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. ഒരുദിവസം ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത ഗായകനെന്ന റെക്കോര്‍ഡ് എസ്പിബിയുടെ പേരിലാണ്. 1981ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്ക് വേണ്ടി ഒറ്റ ദിവസം 21 പാട്ടുകള്‍ പാടിയാണ് ഇദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചത്. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോര്‍ഡ് ചെയ്തു. 

സംവിധാകയന്‍, നായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ ആരുമായിക്കൊള്ളട്ടെ, ഗായകന്‍ ഒരാള്‍ മാത്രം എന്ന ഒരുകാലമുണ്ടായിരുന്നു തെന്നിന്ത്യയില്‍. ഇളരാജയും എസ്പിബിയും ചേര്‍ന്ന് തമിഴില്‍ സൃഷ്ടിച്ചത് തരംഗം തന്നെയായിരുന്നു. 

1980ല്‍ ശങ്കരാഭരണത്തിലൂടെയാണ് എസ്പിബിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.  ശങ്കരാഭരണത്തില്‍ കെ വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്പിബി ഇന്ത്യന്‍ സിനിമാസംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു.തുടര്‍ന്ന് അഞ്ചു തവണ കൂടി ഇദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരം എത്തി. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെയായിരുന്നു .ചിത്രം എക് ദുജെ കേലിയെ. 

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ് പി ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. സിനിമയിലും പാടിത്തുടങ്ങിയത് മാതൃഭാഷയായ തെലുങ്കിലാണ്.  എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. ഇളയരാജയും ഗംഗൈ അമരനുമാണ് എസ്പിബിയെ തമിഴ്‌നാട്ടില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ഒരു പങ്ക് വഹിച്ചത്. എന്നാല്‍ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു. സാഗരസംഗമം തന്നെയായിരുന്നു അത്.

എംജിആര്‍, ശിവാജിഗണേശന്‍, ജെമിനി ഗണേശന്‍, അങ്ങനെ തമിഴിലെ എല്ലാ നായകന്മാരുടെയും ശബ്ദമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. 
നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്പിബിയുടെ ശബ്ദത്തിലാണ് കമലഹാസനെ തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്പിബി ശബ്ദം നല്‍കി. എന്തിനേറെ റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്സിലിയുടെപോലും ശബ്ദമായി. മറ്റുനടന്മാര്‍ക്കുമാത്രമല്ല വെള്ളിത്തിരയില്‍ പലപ്പോഴും സ്വന്തംശബ്ദമുമായിട്ടുണ്ട് എസ്പിബി.  പാടി അഭിനയിക്കുകയും ചെയ്തു.

മലയാളത്തില്‍ എസ്പിബിയെ എത്തിച്ചത് മറ്റാരുമല്ല. ജി ദേവരാജനാണ്. 1969 ല്‍ കടല്‍പ്പാലത്തില്‍. മറ്റു ഭാഷകളിലെ തിരക്കുകാരണമാകണം മലയാളത്തിലേക്കുള്ള യാത്ര വിരളമായിരുന്നു. അതുകൊണ്ട് മലയാളത്തില്‍ നൂറ്റിപ്പതിനാറ് പാട്ടേ പാടിയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com