ജോർജുകുട്ടിയുടെ റാണിയാവാൻ മീന എത്തിയത് പിപിഇ കിറ്റ് അണിഞ്ഞ്; ബുദ്ധിമുട്ട് പറഞ്ഞ് താരം

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മീനയുടെ കൊച്ചിയിലേക്കുള്ള യാത്രയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്
ജോർജുകുട്ടിയുടെ റാണിയാവാൻ മീന എത്തിയത് പിപിഇ കിറ്റ് അണിഞ്ഞ്; ബുദ്ധിമുട്ട് പറഞ്ഞ് താരം

സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് ചിത്രീകരണം. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മീനയുടെ കൊച്ചിയിലേക്കുള്ള യാത്രയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചെന്നൈയിൽ നിന്ന് മീന കൊച്ചിയിൽ എത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് യാത്രയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

മാസ്കും ഫേയ്സ്ബ് ഷീൽഡും ​ഗൗസും പിപിഇ കിറ്റും ധരിച്ച് പൂർണ സംരക്ഷണത്തിലാണ് താരം വിമാനം കയറിയത്. എന്നാൽ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നതിനാൽ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്നാണ് താരം കുറിക്കുന്നത്. 

‘സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്. ഏഴ് മാസത്തിനുശേഷമുള്ള യാത്ര. ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതിൽ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം. ചൂടും ഭാരവും കൂടുതൽ. നമ്മൾ എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും. മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്. ഈ ദിവസങ്ങളിൽ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.’–മീന കുറിച്ചു. 

ദൃശ്യം ടീമിൽ ഉണ്ടായിരുന്നവർ തന്നെയാണ് രണ്ടാം ഭാ​ഗത്തും അണിനിരക്കുന്നത്. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ  ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. താരങ്ങളെയും അണിയറ പ്രവർത്തകരേയും കോവിഡ് ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്ത ശേഷമാണ് ചിത്രീകരണം നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com