ടൊവിനോ തോമസും ബേസിൽ തോമസും ഒന്നിക്കുന്ന മിന്നൽ മുരളിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുക. അതിനിടെ ക്രിക്കറ്റിലെ സൂപ്പർഹീറോയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ബാറ്റ്സ്മാൻ യുവരാജ് സിങ്ങിനെയാണ് ടൊവിനോ കണ്ടത്. മിന്നല്‍ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
യുവരാജിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവച്ചത്. ‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,’ എന്നും ടൊവിനോ കുറിച്ചു.
സംവിധായകൻ ബേസിൽ തോമസും ടൊവിനോയ്ക്കൊപ്പമുണ്ടായിരുന്നു. യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മനോഹരമായ ദിവസത്തേക്കുറിച്ച് ബേസിൽ ആരാധകരോട് പങ്കുവച്ചത്. യുവരാജിനൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചിത്രത്തിന് ഏറ്റവും വലിയ പ്രൊമോഷന്‍ ആയി, അടുത്ത സിനിമയില്‍ യുവരാജും ഉണ്ടേല്‍ പൊളിക്കും എന്നാണ് ആരാധകരുടെ കമന്റുകൾ.
നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നൽ മുരളി റിലീസിന് എത്തുന്നത്. അരുണ്‍ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് മിന്നൽ മുരളിയുടെ തിരക്കഥ എഴുതുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക