ഭയപ്പെടുത്താന്‍ മഞ്ജു, ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ; ഈ വാരം മൂന്നു മലയാള സിനിമകള്‍ തിയേറ്ററിലേക്ക്

ത്രില്ലര്‍ സ്വഭാവത്തിലുള്ള നിഴലിന്റെ പോസ്റ്ററുകളും ടീസറുകളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു
ഭയപ്പെടുത്താന്‍ മഞ്ജു, ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ; ഈ വാരം മൂന്നു മലയാള സിനിമകള്‍ തിയേറ്ററിലേക്ക്

കൊച്ചി : കോവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനിടെ, വിഷു ആഘോഷ സീസണ്‍ ലക്ഷ്യമിട്ട് മൂന്ന് മലയാള സിനിമകള്‍ ഈ വാരം തീയേറ്ററുകളിലെത്തും. മൂന്നും ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതില്‍ രണ്ടെണ്ണത്തിലും കുഞ്ചാക്കോ ബോബനാണ് നായകന്‍. 

മാര്‍ട്ടിന്‍ പ്രക്കാട്ട് - കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന നായാട്ട്, എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍, മഞ്ജു വാര്യരുടെ ചതുര്‍മുഖം എന്നിവയാണ് ഈ വാരം പ്രേക്ഷകരെ തേടി തീയേറ്ററുകളില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബനും നയന്‍താരയുമാണ് നിഴലിലെ പ്രധാന താരങ്ങള്‍.

ത്രില്ലര്‍ സ്വഭാവത്തിലുള്ള നിഴലിന്റെ പോസ്റ്ററുകളും ടീസറുകളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന നായാട്ടിന്റെ തിരക്കഥ ഷാഹി കബീര്‍ ആണ്. പൊലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ മൈക്കിള്‍ ആയാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. നായാട്ട് ഈ മാസം എട്ടിനും നിഴല്‍ ഈ മാസം ഒമ്പതിനും തിയേറ്ററുകളിലെത്തും. 

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറന്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുന്നത്. ടെക്‌നോ ഹൊറര്‍  ചിത്രമായി ഒരുങ്ങുന്ന ചതുര്‍മുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു 'സ്മാര്‍ട്ട് ഫോണ്‍' ആണ്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന  ചതുര്‍മുഖം ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. 

രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ  ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ധനുഷ് നായകനായി മാരി സെല്‍വരാജ് ഒരുക്കുന്ന തമിഴ് ചിത്രം കര്‍ണനും ഏപ്രില്‍ 9 ന് തിയേറ്ററുകളിലെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com