ജാക്കറ്റ് കൊള്ളാമെന്ന് ആരാധകൻ, റോഡിൽവെച്ച് ഊരിനൽകി നടൻ വിദ്യുത്; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 01:06 PM |
Last Updated: 08th April 2021 01:06 PM | A+A A- |
വിദ്യുത് ജാക്കറ്റ് ഊരി നൽകുന്നു/ വിഡിയോയിൽ നിന്ന്, വിദ്യുത് ജംവാല/ ഇൻസ്റ്റഗ്രാം
ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും നിറഞ്ഞു നിൽക്കുന്ന നടനാണ് വിദ്യുത് ജംവാല. വില്ലൻ റോളുകളിലാണ് കൂടുതലും താരത്തെ കണ്ടിട്ടുള്ളത്. എന്നാൽ കഥാപാത്രങ്ങൾക്ക് മാത്രമാണ് വില്ലത്തരമുള്ളത്. യഥാർത്ഥത്തിൽ ആള് വളരെ സിംപിളാണ്. തന്റെ ആരാധകന് സ്വന്തം ജാക്കറ്റ് ഊരി നൽകിയ താരത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
പച്ച നിറത്തിലുള്ള ജാക്കറ്റ് അഞ്ഞാണ് താരം വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്നും ഇറങ്ങിയത്. തന്റെ ബൈക്കെടുക്കാൻ എത്തിയ താരത്തിന്റെ അടുക്കലേക്ക് കടുത്ത ആരാധകനായ ഒരു യുവാവ് എത്തി. വിദ്യുതിനെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ യുവാവ് അദ്ദേഹം അണിഞ്ഞിരിക്കുന്ന ജാക്കറ്റിനെയും പ്രശംസിച്ചു. ഇതു കേട്ട താരം ഉടനെ തന്റെ വിലകൂടിയ ജാക്കറ്റ് ആ ആരാധകന് സമ്മാനിക്കുകയായിരുന്നു.
താങ്കളുടെ സ്നേഹത്തിനുള്ള സമ്മാനമാണിതെന്നും നന്നായി സൂക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ജാക്കറ്റ് നൽകിയത്. ഇതു കണ്ട് രസംപിടിച്ച ആരാധകൻ ടീഷർട്ടും ഹെൽമറ്റുമെല്ലാം നല്ലതാണെന്നു പറഞ്ഞു. ചിരിയോടെയാണ് ആരാധകന്റെ പ്രശംസ ഏറ്റുവാങ്ങിയത്. തന്റെ കയ്യിലുണ്ടായിരുന്ന തൊപ്പിയും താരം ആരാധകന് സമ്മാനിച്ചു. അടുത്തുവന്ന ആരാധകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത ശേഷമാണ് വിദ്യുത് മടങ്ങിയത്.