മരിച്ചുപോയ സഹോദരനും കാമുകിയും സാന്ദ്രയ്ക്കും കുടുംബത്തിനുമൊപ്പം; സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിൽ താരം 

2006 ലാണ് സാന്ദ്രയ്ക്ക് സഹോദരനെ നഷ്ടപ്പെടുന്നത്. പിന്നാലെ അദ്ദേഹം സ്നേഹിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് സാന്ദ്ര കുറിക്കുന്നത്.
സാന്ദ്രയുടെ കുടുംബ ചിത്രത്തിനൊപ്പം സഹോദരന്റേയും കാമുകിയുടേയും ചിത്രം വരച്ചു ചേർത്തപ്പോൾ/ ഇൻസ്റ്റ​ഗ്രാം
സാന്ദ്രയുടെ കുടുംബ ചിത്രത്തിനൊപ്പം സഹോദരന്റേയും കാമുകിയുടേയും ചിത്രം വരച്ചു ചേർത്തപ്പോൾ/ ഇൻസ്റ്റ​ഗ്രാം

സ്തൂരിമാൻ എന്ന ചിത്രത്തിൽ ഷീല പോൾ ആയെത്തിയ ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് സാന്ദ്ര ആമി. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം ഇപ്പോഴും സാന്ദ്ര അഭിനയിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ്. കുടുംബചിത്രമാണ് സാന്ദ്ര പങ്കുവെച്ചത്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം രണ്ട് പേരെ കൂടി വരച്ചു ചേർത്തിട്ടുണ്ട്. സാന്ദ്രയുടെ മരിച്ചുപോയ സഹോദരനും പ്രണയിനിയുമാണ് ചിത്രത്തിൽ. ഇങ്ങനെയൊരു ചിത്രം തന്റെ സ്വപ്നമായിരുന്നു എന്നാണ് സാന്ദ്ര കുറിക്കുന്നത്. 

2006 ലാണ് സാന്ദ്രയ്ക്ക് സഹോദരനെ നഷ്ടപ്പെടുന്നത്. അപകടമരണമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും അത് അങ്ങനെയല്ലെന്നും താരം പറയുന്നുണ്ട്. സഹോദരന്റെ മരണത്തിന് പിന്നാലെ അദ്ദേഹം സ്നേഹിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് സാന്ദ്ര കുറിക്കുന്നത്. ചേട്ടന്റെ സാന്നിധ്യം ഇപ്പോഴും തന്റെ കൂടെയുണ്ട്. തന്റെ മക്കളിലൂടെ അവർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും സാന്ദ്ര പറയുന്നു. രബീഷ് പറമ്മേൽ എന്ന കലാകാരനാണ് സാന്ദ്രയുടെ കുടുംബം ചിത്രം പൂർണമാക്കിയത്. 

സാന്ദ്രയുടെ കുറിപ്പ് വായിക്കാം

രബീഷ് പറമ്മേൽ എന്ന കലാകാരൻ സ്വർ​ഗത്തിൽ നിന്നും വന്ന മാലാഖയാണ്. മണിക്കൂറുകൾക്കുള്ളിൽ എന്റെ വലിയൊരു സ്വപ്നം അദ്ദേഹം സാധ്യമാക്കി തന്നു. ഈ ചിത്രം എനിക്കൊരു നിധിയാണ്. ഈ ജീവിതത്തിൽ ഞാനേറ്റവുമധികം സ്നേഹിക്കുന്ന ആളുകളാണ് ഈ ചിത്രത്തിലുള്ളത്. 2006 ലാണ് എനിക്കെന്റെ സഹോദരനെ ഒരു അപകടത്തിൽ (അപകടമെന്നാണ് പ്രത്യക്ഷത്തിലെങ്കിലും അത് അങ്ങനെയല്ല) നഷ്ടമാകുന്നത്. ഞാനീ ജീവിതത്തിൽ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നു. ഒരു രാത്രി കൊണ്ട് എനിക്കെല്ലാം നഷ്ടമായി. ഇന്നും അദ്ദേഹത്തെ എനിക്ക് നഷ്ടമായെന്ന് വിശ്വസിക്കാനാകുന്നില്ല. എനിക്കത് വിശ്വസിക്കാനും താത്‌പര്യമില്ല. അതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനിയും ആത്മഹത്യ ചെയ്തു. കാരണം അവർക്ക് അവരുടെ പ്രണയത്തെയാണ് നഷ്ടമായത്. എന്റെ ചേട്ടന്റെ നക്ഷത്രമാണ് എന്റെ കുഞ്ഞുങ്ങൾക്ക് ( അദ്ദേഹം ഇന്നും എന്നോടൊപ്പം ഉണ്ടെന്നതിന്റെ തെളിവുകളിൽ ഒന്നാണത്). അവർ വീണ്ടും ഞങ്ങൾക്ക് വേണ്ടി ജനിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ മകൾ രുദ്രയെ ഞാൻ പാത്തുവെന്നാണ് വിളിക്കുന്നത്. കാരണം എന്റെ ജ്യേഷ്ഠത്തിയമ്മ അഹാ ഫാത്തിമയെ എന്റെ ചേട്ടൻ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ സന്തോഷത്തിൽ എന്നും അവരുണ്ടാകണമെന്നാണ് എന്റെ ആ​ഗ്രഹം. എന്റെ സ്വപ്നം രബീഷ് ഇപ്പോൾ നടത്തി തന്നു. ഈ ചിത്രം കാണുമ്പോഴെല്ലാം ഞാൻ സന്തോഷത്താൽ മതിമറക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com