'ഒടിടി സിനിമകളിൽ ഇനിയും അഭിനയിച്ചാൽ തിയറ്റർ കാണില്ല', ഫഹദിന് മുന്നറിയിപ്പുമായി ഫിയോക്ക്

ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കുമെന്നാണ് മുന്നറിയിപ്പ്
ഫഹദ് ഫാസിൽ/ ഫേയ്സ്ബുക്ക്
ഫഹദ് ഫാസിൽ/ ഫേയ്സ്ബുക്ക്

ന്നിനു പുറകെ ഒന്നായി ഒടിടിയിലൂടെ ഫഹദ് ഫാസിൽ ചിത്രങ്ങൾ റിലീസിന് എത്തുകയാണ്. ഈ മാസം തന്നെ രണ്ട് ചിത്രങ്ങളാണ് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കുമെന്നാണ് മുന്നറിയിപ്പ്. 

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയറ്റർ കാണുകയില്ലെന്ന് ഫിയോക്ക് സമിതി അറിയിച്ചു. ഇനി ഒടിടി റിലീസ് ചെയ്താൽ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഫഹദ് ഫാസിലുമൊത്ത് നടൻ ദിലീപും സംവിധായകൻ ബിഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിലൂടെ പ്രദർശനത്തിന് എത്തിയത്. ഇരു ചിത്രങ്ങളും ഒടിടിക്കു വേണ്ടിതന്നെയാണ് ഒരുക്കിയിരുന്നത്. കൂടാതെ സീയു സൂൺ എന്ന ചിത്രവും താരത്തിന്റേതായി ഒടിടിയിലൂടെ പുറത്തെത്തിയിരുന്നു. മനീഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കാണ് തിയെറ്ററിൽ എത്താനുള്ളത്. ബി​ഗ് ബജറ്റിൽ ഒരുക്കിയ ചിത്രം തിയറ്ററിലൂടെ മാത്രമേ റിലീസ് ചെയ്യുകയൊള്ളൂവെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com