'അന്യൻ എന്റേത് മാത്രം, ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല'; വിവാദങ്ങൾക്ക് ശങ്കറിന്റെ മറുപടി 

പകർപ്പവകാശ ലംഘനം ആരോപിച്ച നിർമാതാവ് ആസ്കർ രവിചന്ദ്രന്റെ പരാതിയിൽ ശങ്കറിന്റെ മറുപടി
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പകർപ്പവകാശ ലംഘനം ആരോപിച്ച് രം​ഗത്തെത്തിയ നിർമാതാവ് ആസ്കർ രവിചന്ദ്രന്റെ പരാതിയിൽ മറുപടിയുമായി ശങ്കർ. അന്യൻ സിനിമയുടെ കഥയും തിരക്കഥയും തന്റേതാണെന്നും അതിൽ മറ്റൊരാൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ശങ്കർ പ്രതികരിച്ചു. 

സിനിമയുടെ പകർപ്പവകാശം നിർമാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാൻ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി രവിചന്ദ്രൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശങ്കറിന്റെ പ്രതികരണം. അന്തരിച്ച എഴുത്തുകാരൻ സുജാത രം​ഗരാജനിൽനിന്ന് ചിത്രത്തിന്റെ കഥ പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാൽ പൂർണ ഉടമസ്ഥാവകാശം തനിക്കാണെന്നുമാണ് രവിചന്ദ്രന്റെ അവകാശവാദം. 

സിനിമ റിലീസ് ചെയ്തത് തന്റെ പേരിലാണെന്ന് പറഞ്ഞ ശങ്കർ തിരക്കഥ എഴുതാനോ കഥ എഴുതാനോ മറ്റാരെയും ഏർപ്പാടാക്കിയിരുന്നില്ലെന്നും പറഞ്ഞു. "എന്റെ അവകാശം ഒരു കാരണവശാലും മറ്റൊരാൾക്ക് ചോദ്യം ചെയ്യാനാകില്ല. അന്യന്റെ കഥ എനിക്ക് എന്തും ചെയ്യാനാകും. ‌സിനിമയുടെ കഥയിലോ, തിരക്കഥയിലോ, കഥാപാത്ര നിർമിതിയിലോ സുജാത കൂടെ ഉണ്ടായിരുന്നില്ല. സംഭാഷണം എഴുതിയിട്ടുണ്ട് എന്നതാണ് അദ്ദേഹവും ഈ സിനിമയുമായുള്ള ബന്ധം. അതുകൊണ്ട് മാത്രം തിരക്കഥ അദ്ദേഹത്തിന്റേതാകുന്നില്ല. അതിന്റെ പൂർണ അവകാശം എനിക്കു മാത്രമാണ്",ശങ്കർ വ്യക്തമാക്കി.

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രം 16 വർഷങ്ങൾക്ക് ശേഷമാണ് റീമേക്കിന് ഒരു‌ങ്ങുന്നത്. ഹിന്ദിയിൽ രൺവീർ സിങ്ങ് ആണ് നായകനായെത്തുന്നത്. അന്യൻ നേരത്തെ അപരിചിത് എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com