ടെസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കൂ, ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല; നടൻ മൻസൂർ അലിഖാൻ

'ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ‍ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ'
മൻസൂർ അലിഖാൻ/ ഫയല്‍ ചിത്രം
മൻസൂർ അലിഖാൻ/ ഫയല്‍ ചിത്രം

തെന്നിന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് തമിഴ് നടൻ വിവേക് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടൻ മൻസൂർ അലിഖാന്റെ പ്രതികരണമാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചതുകൊണ്ടാണ് വിവേക് മരിച്ചത് എന്നാണ് മൻസൂർ പറയുന്നത്. കോവിഡ് ഇല്ലെന്ന് ഒരു വർഷമായി താൻ പറയുകയാണെന്നും ടെസ്റ്റ് അവസാനിപ്പിച്ചാൽ കോവിഡ് ഇന്ത്യയിൽ കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ‍‍ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ‍ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്. 

ജോലിക്ക് പോകാൻ പറ്റുന്നുണ്ടോ ഇവിടെ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കോവിഡ് വാക്സീൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കിൽ ഇൻഷുറൻസ് തരൂ. 100 കോടി ഇൻഷുറൻസ് തരൂ, കോവിഡ് വാക്സീൻ എടുക്കുന്നവർക്ക്. ഇത് രാഷ്ട്രീയമാണ്. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ കഴിയുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവർക്ക് ജീവിക്കണം.’ മൻസൂർ പറഞ്ഞു. 

മൻസൂറിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തുടർന്ന് പ്രതികരണവുമായി ആശുപത്രി അധികൃതരും രം​ഗത്തെത്തി. മൻസൂറിന്റെ വാദം രോഷം കൊണ്ടാണെന്നും അദ്ദേഹം പറയുന്നതിൽ വാസ്തവമില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് വിവേക് മരിക്കുന്നത്. വ്യാഴാഴ്ച കോവാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ആരോപണം ഉയർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com