'നയൻതാരയുടെ അഭിനയം അവർക്ക് ഇഷ്ടമായില്ല, ​ഗോപികയ്ക്കുവേണ്ടി ഒഴിവാക്കി, ആ അവസരം നഷ്ടമായതിൽ വിഷമമുണ്ട്'

എനിക്ക് ഡയാനയെ ഇഷ്ടമായി. എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍.ഡി രാജശേഖര്‍ ഗോപികയ്ക്ക് വാക്ക് നല്‍കിയിരുന്നു
നയൻതാര/ ഫേയ്സ്ബുക്ക്, തൊട്ടീ ജയ പോസ്റ്റർ
നയൻതാര/ ഫേയ്സ്ബുക്ക്, തൊട്ടീ ജയ പോസ്റ്റർ

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുടെ നായികയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാറിന്റെ ഡേറ്റിനായി കാത്തിരിക്കുന്ന അണിയറ പ്രവർത്തകർ ഏറെയാണ്. ജയറാമിന്റെ മനസിനക്കരയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ താരം എത്തേണ്ടിയിരുന്നത് തമിഴ്സിനിമ തൊട്ടീ ജയയിലൂടെയായിരുന്നു. എന്നാൽ ​ഗോപികയ്ക്കുവേണ്ടി നയൻതാരയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ചിത്രത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയതിൽ കുറ്റബോധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാവ് കലൈപുലി എസ് താനു. 

നയൻതാരയുടെ ചിത്രം ഒരു മാസികയിൽ കണ്ടാണ് താനുവിന് ഇഷ്ടമാകുന്നത്. ചെന്നൈയിൽ എത്തിച്ച് നയൻതാരയെ അഭിനയിപ്പിച്ച് നോക്കിയെങ്കിലും അണിയറ പ്രവർത്തകർ‍ക്ക് ഇഷ്ടമായില്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നയന്‍താര എന്ന പെണ്‍കുട്ടിയുടെ ചിത്രം ഞാന്‍ ഒരു മാസികയില്‍ കാണുന്നത്. ഡയാന എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റര്‍ മാനേജര്‍ എന്നോട് പറഞ്ഞു. ഡയാനയെ അദ്ദേഹം നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുടുംബത്തോടൊപ്പം ട്രെയിനിലാണ് ഡയാന വന്നത്. 

എനിക്ക് ഡയാനയെ ഇഷ്ടമായി. എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍.ഡി രാജശേഖര്‍ ഗോപികയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഗോപികയ്‌ക്കൊപ്പം ഫോര്‍ ദി  പീപ്പിള്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടായിരുന്നു. സംവിധായകന്‍ വി.ഇസഡ് ദൂരൈയ്ക്കും ഗോപികയെയായിരുന്നു താല്‍പര്യം. ഞാന്‍ നയന്‍താരയുടെ പേര് പറഞ്ഞപ്പോള്‍ ഒരു രംഗം ചിത്രീകരിച്ച് നോക്കാമെന്ന് പറഞ്ഞു. എനിക്ക് ഡയാനയുടെ അഭിനയം ഇഷ്ടമായി. എന്നാല്‍ രാജശേഖന് അവരുടെ പ്രകടനം ഇഷ്ടമായില്ല. ഒടുവില്‍ ഗോപികയ്ക്ക് തന്നെ ആ കഥാപാത്രം ലഭിച്ചു. കാരണം ഗോപികയുമായി കരാര്‍  ചെയ്തിരുന്നു. - താനു പറഞ്ഞു. നയന്‍താരയെ അന്ന് തന്റെ സിനിമയില്‍ കൊണ്ടുവരാതിരുന്നതില്‍ എനിക്ക് ഇന്നും വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com