വീണ്ടുമൊരു ഓഗസ്റ്റ് 2, കോവിഡ് കാരണം ഈ വർഷം ധ്യാനമില്ലെന്ന് അനുമോൾ; നിറഞ്ഞ് ട്രോളുകൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd August 2021 03:01 PM |
Last Updated: 02nd August 2021 03:01 PM | A+A A- |

എസ്തർ അനിൽ, ട്രോൾ/ ഫേയ്സ്ബുക്ക്
സൂപ്പർഹിറ്റായി മാറിയ ദൃശ്യം സിനിമയിലൂടെ സിനിമാ പ്രേമികളുടെ മനസിൽ പതിഞ്ഞ ദിവസമാണ് ഓഗസ്റ്റ് 2. ജോർജു കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസം. വീണ്ടുമൊരു ഓഗസ്റ്റ് 2 കൂടി എത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. എന്നാൽ ഈ വർഷം കോവിഡ് കാരണം ധ്യാനം ഇല്ലെന്നാണ് അനുമോൾ പറയുന്നത്. ട്രോളുകൾ പങ്കുവെച്ചുകൊണ്ടാണ് എസ്തർ അനിലിന്റെ പോസ്റ്റ്.
‘കോവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല പോലും...’ എന്നാണ് എസ്തർ കുറിച്ചത്. എന്തായാലും രസകരമായ കമന്റുകളാണ് എസ്തറിന്റെ പോസ്റ്റിന് അടിയിൽ കാണുന്നത്. ആരാധനാലയങ്ങളിൽ 40 പേർക്ക് അനുമതി ഉണ്ടല്ലോ. അകലം പാലിച്ചു ധ്യാനം കൂടരുതോ എന്നാണ് ഒരാളുടെ ചോദ്യം. ഓൺലൈൻ ധ്യാനം ഒക്കെ നടക്കുന്നുണ്ടല്ലോ അതോണ്ട് ഇപ്രാവശ്യം ജോർജ് കുട്ടി കുടുങ്ങുമെന്നാണ് മറ്റൊരു കമന്റ്.
ദൃശ്യത്തിൽ വളരെ പ്രാധാന്യത്തോടെയാണ് ഈ ദിവസത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഈ ദിവസത്തെക്കുറിച്ച് പറയുന്നുണ്ട്. ചിത്രം പുറത്തിറങ്ങി എട്ട് വർഷം പിന്നിടുമ്പോഴും ഒരു ദിവസത്തിന്റെ പേരിലും ഈ ചിത്രം ചർച്ചയാകുകയാണ്. ഡിസംബർ 19, 2013ലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. എട്ടു വർഷങ്ങൾക്ക് ശേഷം ഈ വർഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ കയ്യടിയാണ് നേടിയത്.