മുകേഷിന്റെ മുഖത്തുനോക്കി തെറി പറഞ്ഞു, സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല; തുളസീദാസ്

എന്റെ നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പറഞ്ഞത് തെറ്റല്ലേ
മുകേഷ്, തുളസീദാസ്/ ഫേയ്സ്ബുക്ക്
മുകേഷ്, തുളസീദാസ്/ ഫേയ്സ്ബുക്ക്

ലയാളത്തിന് നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് തുളസീദാസ്. കൗതുകവാർത്ത, മിമിക്സ് പരേഡ്, മലപ്പുറം ഹാജി മ‌ഹാനായ ജോജി തുടങ്ങിയ നിരവധി ഹിറ്റ സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. നടൻ മോഹൻലാലും തുളസീദാസും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. എന്നാൽ മുകേഷിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തുളസീദാസ്. മിമിക്സ് പരേഡ് സിനിമയിലേക്ക് വിളിച്ചപ്പോഴായിരുന്നു സംഭവം. തുടർന്ന് മുകേഷിനുവേണ്ടി മാറ്റിവച്ചിരുന്ന വേഷം സിദ്ധിഖിനെക്കൊണ്ട് ചെയ്യിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. 

തുളസീദാസിന്റെ വാക്കുകൾ

‘മിമിക്സ് പരേഡ് സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്റെ അടുത്താണ് പോയത്. മുകേഷ് സരിതയ്ക്കൊപ്പം എറണാകുളത്ത് ഉണ്ടായിരുന്നു. ഞാൻ തന്നെ സംവിധാനം ചെയ്ത കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അതിലും മുകേഷ് ആയിരുന്നു നായകൻ. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; ‘തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ല കേട്ടോ ഇപ്പോൾ, പ്രതിഫലമൊക്കെ മാറി.’

ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നതെന്ന് പറഞ്ഞു.  മിമിക്രി താരങ്ങളെ വച്ചുളള കഥയും കോമഡിയുമാണ് സബ്ജക്ട് എന്നും പറഞ്ഞു. അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോൾ താൻ പോകുമെന്നും പിന്നെ സത്യന്‍ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.

ഇതൊക്കെ കൗതുക വാര്‍ത്തകൾ എന്ന സിനിമ ഹിറ്റായതിനു ശേഷമുളള പ്രതികരണമാണ്. എനിക്കത് സഹിച്ചില്ല. അതൊരു എത്തിക്സിന് നിരക്കാത്ത സംഭാഷണമായിരുന്നു. എന്റെ നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പറഞ്ഞത് തെറ്റല്ലേ. ഞാന്‍ അന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നിസും മുകേഷിനെ വഴക്ക് പറഞ്ഞു.

മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ റൂമിൽ നിന്ന് ഇറങ്ങിപ്പോന്നു. നിർമാതാവിന് ആകെ െടൻഷനായി. മുകേഷ് വേണ്ടെന്ന് തന്നെ ഞാന്‍ പറഞ്ഞു. അന്ന് 40000 രൂപയാണ് മുകേഷ് കൗതുകവാർത്തകൾക്കു വേണ്ടി വാങ്ങിയത്. ചിലപ്പോൾ 50000 രൂപ വേണമെന്നു പറഞ്ഞാകും മുകേഷ് ഇങ്ങനെയൊക്കെ പറഞ്ഞത്, അല്ലെങ്കിൽ മിമിക്രി താരങ്ങളുടെ പടം ആയതിനാൽ ഒഴിവാക്കിയതുമാകും.

അങ്ങനെ ഞാനും ഡെന്നിസും തിരിച്ച് റൂമിലേയ്ക്ക് പോയി. പിന്നീട് ഈ സംഭവമൊക്കെ അറിഞ്ഞ് നടൻ സിദ്ദിഖ് വന്നു. മുകേഷ് അവതരിപ്പിക്കാൻ വച്ച വേഷം സിദ്ദിഖ് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. എന്നാൽ മുകേഷിനോട് താൻ പോയി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കാമെന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. മുകേഷ് ഈ സിനിമയിൽ വേണ്ടന്ന തീരുമാനത്തിൽ അപ്പോഴും ഞാൻ ഉറച്ചുതന്നെ നിന്നു.

പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു. നൂറാം ദിവസാഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com