'പാല്‍ വില്‍ക്കുന്നവരും കൂലിപ്പണിക്കാരും നികുതി കൊടുക്കുന്നു, സിനിമാക്കാര്‍ക്ക് മടി'; ധനുഷിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2021 02:35 PM  |  

Last Updated: 05th August 2021 02:36 PM  |   A+A-   |  

dhanush

ധനുഷ് /ഫയല്‍

 

ചെന്നൈ: പാല്‍ക്കാരനും കൂലിപ്പണിക്കാരനും ഒരു മടിയുമില്ലാതെ നികുതി കൊടുക്കുമ്പോള്‍ സിനിമാക്കാര്‍ അതു ചെയ്യുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ബ്രിട്ടനില്‍നിന്ന് റോള്‍സ് റോയ്‌സ് കാര്‍ ഇറക്കുമതിക്ക് നികുതി ഇളവു തേടി നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എംഎസ് സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

ആഢംബര കാര്‍ ഇറക്കുമതിക്കു നികുതി ഇളവു തേടി 2015ല്‍ ആണ് ധനുഷ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ ധനുഷ് പിന്‍വലിക്കാന്‍ അനുമതി തേടുകയായിരുന്നു. ഇത് അനുവദിക്കാതിരുന്ന കോടതി ധനുഷിനെതിരെ വിമര്‍ശനം ഉയര്‍ത്തി.

അന്‍പതു ശതമാനം നികുതി അടച്ചിട്ടുണ്ടെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 2018ല്‍ ഇതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടും ധനുഷ് നികുതി അടച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇതിനകം നികുതി ഒടുക്കുമായിരുന്നെന്ന് കോടതി പറഞ്ഞു.

''നികുതിദായകരുടെ പണം കൊണ്ടു പണിത റോഡിലൂടെയാണ് നിങ്ങള്‍ ആഢംബര കാര്‍ ഓടിക്കുന്നത്. നാട്ടിലെ പാല്‍വില്‍പ്പനക്കാരും കൂലിപ്പണിക്കാരുമെല്ലാം വാങ്ങുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി നല്‍കുന്നുണ്ട്. ഇവരാരും നികുതി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നില്ല. അങ്ങനെ ഒരു ഹര്‍ജിയും ഇന്നുവരെ കണ്ടിട്ടില്ല''- കോടതി പറഞ്ഞു.

ശല്യക്കാരായ വ്യവഹാരികളെ നേരിടുന്നതിനുള്ള നിയമത്തെക്കുറിച്ച് അറിയാമോയെന്ന് കോടതി ധനുഷിന്റെ അഭിഭാഷകോട് ആരാഞ്ഞു. ഇത്തരം കേസുകള്‍ മൂലം ശരിയായ കേസുകള്‍ക്കുള്ള സമയമാണ് നഷ്ടമാവുന്നതെന്ന് കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ മാസം സമാനമായ കേസില്‍ നടന്‍ വിജയിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.