തുറന്നു കിടന്ന വിന്‍ഡോയിലൂടെ അവള്‍ പുറത്തേക്ക് തെറിച്ചു വീണു, ഞാന്‍ ആ രാത്രി മദ്യപിച്ചിരുന്നില്ല; യാഷിക

'എന്റെ ശ്രദ്ധ എവിടെയോ തെറ്റിയതുകൊണ്ടുണ്ടായ  ദൗര്‍ഭാഗ്യകരമായ അപകടമാണ് അത്. അതിനാല്‍ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ജീവനോടെയിരിക്കുന്നതിന്റെ വേദനയിലാണ് ഞാന്‍'
യാഷിക/ ഇൻസ്റ്റ​ഗ്രാം
യാഷിക/ ഇൻസ്റ്റ​ഗ്രാം

ടി യാഷിക ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് സുഹൃത്ത് മരിച്ച സംഭവത്തില്‍ വലിയ വിവാദങ്ങളാണ് ഉയരുന്നത്. താരം മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ആരോപണം. എന്നാല്‍ താന്‍ മദ്യപിക്കുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്. അപകടം നടന്നത് എങ്ങനെയെന്നും പുതിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. 

റോഡില്‍ വളരെ ഇരുട്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഡിവൈഡറില്‍ ഇടിച്ചു. ഞങ്ങളുടെ കാര്‍ മുകളിലേക്ക് ഉയര്‍ന്ന് മൂന്നു തവണ മറിഞ്ഞു താഴേക്കു പതിച്ചു. പവാനി കോ പാസഞ്ചര്‍ സീറ്റിലായിരുന്നു. അവള്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. കാറ്റു കിട്ടാനായി ഗ്ലാസും തുറന്നിട്ടിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ വാതിലിലൂടെ അവള്‍ തെറിച്ചു പുറത്തേക്കു പോയി. തല ഇടിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും കാറിനുള്ളിലായിരുന്നു. ഡോര്‍ ജാമായതിനാല്‍ സണ്‍റൂഫ് തുറന്നാണ് രക്ഷപ്പെട്ടത്. - യാഷിക പറഞ്ഞു. 

സുഹൃത്തിന്റെ മരണത്തിന് കാരണമായതില്‍ കുറ്റബോധമുണ്ടെന്നും താന്‍ രക്ഷപ്പെടാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞു.  ഞാന്‍ എടുത്തു പറയുകയാണ്, ഞാന്‍ മദ്യപിച്ചിരുന്നില്ല. ഒരു രീതിയിലുള്ള ലഹരിയും ഉപയോഗിച്ചിരുന്നില്ല. എന്റെ ശ്രദ്ധ എവിടെയോ തെറ്റിയതുകൊണ്ടുണ്ടായ  ദൗര്‍ഭാഗ്യകരമായ അപകടമാണ് അത്. അതിനാല്‍ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ജീവനോടെയിരിക്കുന്നതിന്റെ വേദനയിലാണ് ഞാന്‍, എന്റെ ജീവിതകാലം മുഴുവന്‍ അത് വേട്ടയാടും. ഞാന്‍ രക്ഷപ്പെടാതിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിച്ചു എന്ന് ഇതിന് അര്‍ത്ഥമില്ല. ഞാന്‍ മദ്യപിച്ചാണ് വാഹനമോടിച്ചത് എന്നു കാണിക്കാനായി വ്യാജ വിഡിയോ പോലും പ്രചരിക്കുന്നുണ്ട്- യാഷിക പറഞ്ഞു. 

ജൂണ്‍ 25നാണ് യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം ചെന്നൈയിലെ മഹാബലിപുരത്തുവച്ച് അപകടത്തില്‍പ്പെടുന്നത്. വല്ലിചെട്ടി പവാനിയാണ് അപകടത്തില്‍ മരിച്ചത്. താരത്തിന് ഗുരുതരമായി പരുക്കേറ്റു. മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ സംഭവിച്ചതിനാല്‍ അടുത്ത ആറു മാസം താരത്തിന് നടക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് യാഷിക ആശുപത്രി വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com