ഞങ്ങൾ അസ്വസ്ഥരാണ്, കടുത്ത നടപടി സ്വീകരിക്കും; പുഷ്പയുടെ ​ഗാനം ലീക്ക് ചെയ്യിച്ചവർക്കെതിരെ പരാതിയുമായി നിർമാതാക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 10:27 AM  |  

Last Updated: 16th August 2021 10:27 AM  |   A+A-   |  

pushpa_poster

പുഷ്പ പോസ്റ്റർ

 

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ. ചിത്രത്തിന്റെ ട്രെയിലറും ​ഗാനവുമെല്ലാം ആവേശമായിരുന്നു. ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങായി തുടരുകയാണ് ചിത്രത്തിലെ ​ഗാനം. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് ഭീഷണി ഉയർത്തുകയാണ് വ്യാജന്മാർ. ചിത്രത്തിന്റെ സ്റ്റില്ലുകളും വിഡിയോയും ​ഗാനവുമെല്ലാം ഔദ്യോ​ഗികമായി പുറത്തുവരുന്നതിനു മുൻപു തന്നെ ലീക്കായിരുന്നു. വ്യാജന്മാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് നിർമാതാക്കൾ. 

പുഷ്പയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് വാർത്താകുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഈ ലീക്കുകള്‍ തങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. "സര്‍ക്കാരു വാരി പാട്ടയുടെയും പുഷ്‍പയുടെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതിനെ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക കൂടിയാണ് ലക്ഷ്യം. സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിക്കഴിഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു" വാർത്താ കുറിപ്പിൽ പറയുന്നു. 

'പുഷ്‍പ'യിലെ ആദ്യ ഗാനം അതിനു മുന്‍പുതന്നെ ലീക്ക് ആയിരുന്നു. പുഷ്‍പ ലൊക്കേഷനില്‍ നിന്നുള്ള അല്ലു അര്‍ജുന്‍റെ ചില ചിത്രങ്ങളും പുറത്തുവന്നു. കൂടാതെ മഹേഷ് ബാബുവിനെ നായകനാക്കി മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന 'സര്‍ക്കാരു വാരി പാട്ടയുടെ ടീസറും ഇത്തരത്തിൽ ലീക്കായി. 

രണ്ട് ഭാ​ഗങ്ങളായി എത്തുന്ന പുഷ്പയിൽ ഫഹദ് ഫാസിലാണ് വില്ലന്റെ റോളിൽ എത്തുന്നത്. പുഷ്‍പയിലെ ആദ്യഗാനത്തിന് റെക്കോര്‍ഡ് പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബഹുഭാഷകളില്‍ എത്തിയ ഗാനത്തിന്‍റെ തെലുങ്ക് പതിപ്പിനു മാത്രം 1.3 കോടിയിലേറെ കാഴ്ചകള്‍ യുട്യൂബില്‍ ലഭിച്ചിട്ടുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.