ഒരുപാടുപേർക്ക് എന്റെ സിനിമ ഇഷ്ടമായില്ലെന്നു മനസിലായി, നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു; പിടികിട്ടാപ്പുള്ളി സംവിധായകൻ

ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

സണ്ണി വെയിൻ, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിഷ്ണു മണികണ്ഠൻ സംവിധാനം ചെയ്ത ചിത്രമാണ് പിടികിട്ടാപ്പുള്ളി. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഒരുപാടുപേർക്ക് ചിത്രം ഇഷ്ടപ്പെട്ടില്ലെന്നു മനസിലായെന്നും അവരോട് ക്ഷമ ചോദിക്കുകയാണെന്നുമാണ് ജിഷ്ണു പറഞ്ഞത്. 

ഒരുപാട് റിവ്യൂസ് ഞാന്‍ കണ്ടിരുന്നു. ഒരുപാടുപേര്‍ക്ക് പടം ഇഷ്‍ടപ്പെട്ടിട്ടില്ലെന്ന് എനിക്കു മനസിലായി. നിങ്ങളുടെ ആ ഒരു ഫീല്‍ കൃത്യമായിട്ട് എനിക്ക് മനസിലാവും. കാരണം, സംവിധായകന്‍ എന്ന നിലയില്‍ ഒരേയൊരു സിനിമ മാത്രമാണ് ഞാന്‍ ചെയ്‍തിട്ടുള്ളത്. അതേസമയം ആയിരത്തിലധികം സിനിമകള്‍ കണ്ട നിങ്ങളെപ്പോലെ ഒരു പ്രേക്ഷകനാണ് ഞാന്‍. അപ്പോള്‍ ഒരു സംവിധായകന്‍ എന്നതിനേക്കാള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയിലാവും നിങ്ങളുടെ വികാരം എനിക്ക് മനസിലാക്കാനാവുക. പിടികിട്ടാപ്പുള്ളി നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. - ഫേയ്സ്ബുക്കിൽ പങ്കുവെച്ച വെഡിയോയിലൂടെ ജിഷ്ണു പറഞ്ഞു. 

കൂടാതെ തന്റെ സിനിമ ഇഷ്ടമായെന്നു പറഞ്ഞവരോട് നന്ദി പറയാനും ജിഷ്ണു മറന്നില്ല. സിനിമ എടുക്കാന്‍ അവസരം കിട്ടിയപ്പോള്‍, വലിയ ഭാരിച്ച ഉള്ളടക്കമൊന്നും സ്വീകരിക്കാതെ എല്ലാവര്‍ക്കും കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന ഒരു ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍ കോമഡി പടം എടുക്കണം എന്നതായിരുന്നു എന്‍റെ ആഗ്രഹം. സ്ക്രീനില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തെറ്റുകുറ്റങ്ങളൊക്കെ പറ്റിയിട്ടുണ്ടെന്ന് അറിയാം. അതേസമയം ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ കണ്ട് ആസ്വദിക്കുകയും അത് എന്നെ അറിയിക്കുകയും ചെയ്‍ത നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്‍റെയീ പ്രയത്നം അമ്പേ പരാജയപ്പെട്ടുപോയില്ല, ഞാന്‍ മൊത്തത്തില്‍ അങ്ങ് തോറ്റുപോയിട്ടില്ല എന്ന് എന്നെ വിളിച്ച് അറിയിച്ചതിന്, ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാനാവുമെന്ന് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചതിന്, ചുരുക്കിപ്പറഞ്ഞാല്‍ എന്നെക്കൊണ്ട് ഈ പണിക്ക് കൊള്ളാം എന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന് നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ടെന്നാണ് ജിഷ്ണു പറഞ്ഞത്. 

സിനിമയുടെ ഓഡിയോ പ്രശ്നത്തെക്കുറിച്ചുള്ള പരാതിക്കും ജിഷ്ണു മറുപടി നൽകി. ഒഫീഷ്യല്‍ റിലീസിനു മുന്‍പ് ടെലിഗ്രാമിലൂടെയും ടൊറന്‍റിലൂടെയും ലീക്ക് ആയ പ്രിന്‍റിനാണ് അത്തരത്തില്‍ ഒരു കുഴപ്പം കാണുന്നത്. ജിയോ സിനിമയില്‍ ഇപ്പോള്‍ ഉള്ള പിടികിട്ടാപ്പുള്ളിയുടെ പ്രിന്‍റിന് അങ്ങനെ ഒരു പ്രശ്‍നം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. തെറ്റുകുറ്റങ്ങളൊക്കെ മാറ്റി ഒരു മികച്ച സിനിമയുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുമെന്നും ജിഷ്ണു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com