'ആവശ്യമില്ലാത്ത ഒരുപാട് കമന്റുകൾ വന്നു, സിനിമ കാണുന്ന ആർക്കും കുറ്റം പറയാൻ പറ്റില്ല'; ഫേയ്സ്ബുക്ക് ലൈവിൽ മോഹൻലാൽ

'വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് വേണം'
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

തിയറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ മരക്കാർ സിനിമയുടെ വ്യാജപതിപ്പ് ടെല​​ഗ്രാമിൽ പ്രചരിച്ചിരുന്നു. അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് അഭ്യർത്ഥനയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ഏറെ നാളുകൾക്കു ശേഷം ഫേയ്സ്ബുക്ക് ലൈവിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ അഭ്യർത്ഥന. 

വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് വേണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണം. ഒരുപാട് ആളുകളുടെ അധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ എന്നാണ് മോഹൻലാൽ പറഞ്ഞത്. ചിത്രത്തിന് നേരെയുണ്ടായ നെ​ഗറ്റീവ് കമന്റുകളെക്കുറിച്ചും താരം പ്രതികരിച്ചു. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഒരുപാട് കമന്റുകൾ ആദ്യകാലത്തുണ്ടായി. പക്ഷേ ആ കാർമേഘമൊക്കെ മാറി, സൂര്യൻ കത്തിനിൽക്കുമ്പോലെ സിനിമ മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു. 

മോഹൻലാലിന്റെ വാക്കുകൾ

കുറേ നാളായി ഞാൻ ലൈവിൽ വന്നിട്ട് എല്ലാവരും സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. മരക്കാർ: അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് പറയാനാണ് ഞാൻ വന്നത്. ഈ വലിയ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ വിജയം സിനിമയെ സ്നേഹിക്കുന്നവരുടേത് മാത്രമല്ല, നാടിനെ സ്നേഹിക്കുന്നവരുടെയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടിയാണ്. രാജ്യാതിർത്തികൾ കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിൽ എത്തിക്കുക എന്ന യജ്ഞത്തിന്റെ ഫല സമാപ്തി കൂടിയാണ്. 

നമ്മൾ എല്ലാവരും സ്വാതന്ത്ര്യത്തോടെ ഇന്ന് ജീവിക്കുന്നതിന് പിന്നിൽ ജീവ ത്യാ​ഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. സിനിമയുടെ വിജയം നമ്മുടെ ദേശസ്നേഹത്തിന്റെ കൂടി വിജയമാണ്. ചിത്രത്തിന് നിങ്ങൾ ഇതുവരെ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. നിർമാണ ചെലവ് കാരണം വലിയ സിനിമകൾ വല്ലപ്പോഴും മാത്രമേ മലയാളത്തിൽ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം. അത് ലോകം മുഴുവൻ പ്രദർശിപ്പിക്കപ്പെടണം എന്നെല്ലാം അ​ഗ്രഹമാണ്. അതിന് പ്രേക്ഷകരുടെ പിന്തുണ കൂടിയെ തീരൂ. 

ദൗർഭാ​ഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയുമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. കൊവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് എതിരെ നിങ്ങളും അണിചേരണം. ഒരുപാട് ആളുകളുടെ അധ്വാനവും വിയർപ്പും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഈ സിനിമ. അതുകൊണ്ട് വ്യാജ പതിപ്പുകൾ കാണുകയോ കാണാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതിരിക്കുക. പൈറസി എന്ന വലിയ കുറ്റത്തിനെതിരെയുള്ള നിയമ നടപടികളിൽ നിങ്ങൾ പെട്ട് പോകരുതെന്ന് ഒരിക്കൾ കൂടി അഭ്യർത്ഥിക്കുന്നു. 

ഏകദേശം മൂന്ന് വർഷമെടുത്തു മരക്കാർ തിയറ്ററിലെത്തിക്കാൻ. ആ സിനിമയ്ക്ക് ആവശ്യമില്ലാത്ത ഒരുപാട് കമന്റുകൾ ആദ്യകാലത്തുണ്ടായി. പക്ഷേ ആ കാർമേഘമൊക്കെ മാറി, സൂര്യൻ കത്തിനിൽക്കുമ്പോലെ സിനിമ മാറുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം ആ സിനിമ കാണുന്ന ആർക്കും അത്തരത്തിലുള്ള കുറ്റങ്ങൾ പറയാൻ പറ്റില്ല. ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്. ഒരുപാട് പേര് ജോലി ചെയ്യുന്ന ഇന്റസ്ട്രി കൂടിയാണ് സിനിമ. മലയാളത്തെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്നവർ ഇതിന്റെ പുറകിൽ അണിചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com