'ചുരുളി'യിലെ ഭാഷ അതിഭീകരമെന്ന് ഹൈക്കോടതി; പ്രദര്‍ശനം തടയണമെന്ന് ഹര്‍ജി; ലിജോ പെല്ലിശ്ശേരിക്കും ജോജുവിനും നോട്ടീസ്

ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ചുരുളി പോസ്റ്റർ
ചുരുളി പോസ്റ്റർ

കൊച്ചി: 'ചുരുളി' സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍ നഗരേഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിനിമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും, ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 

പൊതു ധാര്‍മികതയ്ക്ക് നിരക്കാത്ത അസഭ്യ വാക്കുകള്‍ നിറഞ്ഞതാണ് ചിത്രമെന്ന് ഹര്‍ജി നല്‍കിയ തൃശൂര്‍ സ്വദേശി ചൂണ്ടിക്കാട്ടി. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ക്ക്  കോടതി നോട്ടീസ് അയച്ചു. 

അതേ സമയം സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് 'ചുരുളി'ക്ക് നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com