രണ്ടു ദിവസത്തിൽ നൂറു കോടി ക്ലബ്ബിൽ, മാസ്റ്ററിനേയും സ്പൈഡർമാനേയും തകർത്ത് അല്ലുവിന്റെ പുഷ്പ; റെക്കോർഡ്

ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ല്ലു അർജുൻ നായകനായി എത്തിയ പുഷ്പ കഴിഞ്ഞദിവസമാണ് തിയറ്ററിൽ എത്തിയത്. വലിയ സ്വീകരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ആരാധകർ നൽകിയത്. കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ​ഗ്രോസർ എന്ന റെക്കോഡിന് ഉടമയായിരിക്കുകയാണ് ചിത്രം. വിജയുടെ മാസ്റ്ററിനേയും സ്പൈഡർമാനേയും തകർത്തുകൊണ്ടാണ് അല്ലു സിനിമയുടെ റെക്കോർഡ് നേട്ടം. 

ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷൻ

ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പറയുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.  

ഹിന്ദി പതിപ്പ് ആദ്യദിനം 3 കോടിയാണ് നേടിയതെങ്കില്‍ ശനിയാഴ്ച 4 കോടി നേടി. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നായി തമിഴ്നാട്ടില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 4.06 കോടിയാണ്. രണ്ടാംദിനം 3.3 കോടിയും. വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചത്തെ പെയ്‍ഡ് പ്രിവ്യൂ അടക്കം യുഎസില്‍ നിന്ന് ചിത്രം ഇതുവരെ കളക്ട് ചെയ്‍തിരിക്കുന്നത് 1.30 മില്യണ്‍ ഡോളര്‍ ആണ്. 

തകർത്ത് ഫഹദ് ഫാസിൽ

തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. മലയാളതാരം ഫഹദ് ഫാസിലും ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നുണ്ട്. ഫഹദിന്റേയും അല്ലുവിന്റേയും സീനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 250 കോടി രൂപ ചെലവിൽ നിർമിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുകുമാർ ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com