'ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്, വെള്ളം ഈ നൂറ്റാണ്ടിന്റെ ചിത്രം'; പ്രശംസിച്ച് മധുപാൽ

'ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ'
ജയസൂര്യയും പ്രജേശ് സെന്നും, മധുപാല്‍/ ഫേയ്‌സ്ബുക്ക്‌
ജയസൂര്യയും പ്രജേശ് സെന്നും, മധുപാല്‍/ ഫേയ്‌സ്ബുക്ക്‌

യസൂര്യയെ നായകനായി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം അടുത്തിടെയാണ് പുറത്തിറങ്ങിയത്. മുഴുക്കുടിയനായ മുരളി എന്ന വ്യക്തിയെക്കുറിച്ചാണ് ചിത്രം പറഞ്ഞത്. ഇപ്പോൾ വെള്ളം സിനിമയേയും ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. വെള്ളം ഈ നൂറ്റാണ്ടിൻ്റെ ചിത്രമാണെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒരു നടൻ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാൻ പാകമായത് എന്ന അർത്ഥത്തിൽ.  ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണെന്നും മധുപാൽ പറയുന്നു.

മധുപാലിന്റെ കുറിപ്പ് വായിക്കാം

ചില നിമിഷങ്ങൾ ജീവിതത്തിൽ ഓർക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തിൽ ഒരുവൻ്റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവൻ്റെ കണ്ണിലെ വെളിച്ചമില്ലായ്യയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവൻ മനുഷ്യർക്ക് പ്രതീക്ഷയും പ്രത്യാശയുമാകും.
ജയസൂര്യ  എന്ന അഭിനേതാവിൻ്റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ. ഒരു നടൻ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കിൽ ആ നടൻ അത്രമേൽ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേർന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിൻ്റെ സത്യമുള്ള മുഹൂർത്തങ്ങളാണ് വെള്ളം. ഒരു നടൻ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാൻ പാകമായത് എന്ന അർത്ഥത്തിൽ.  ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്.
വെള്ളം ഈ നൂറ്റാണ്ടിൻ്റെ ചിത്രമാണ്.
അഭിനന്ദനങ്ങൾ.
പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com