മുടിനരച്ച മമ്മൂട്ടി, പത്രാസില്ലാത്ത വേഷം, ആ ചോദ്യത്തോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി; 'അമര'ക്കാലം ഓർത്ത് മഞ്ഞളാംകുഴി അലി

'കടാപ്പുറ'ത്തിന്റെ കഥ പറഞ്ഞ 'അമര'ത്തിന് ഇന്ന് 30 വയസ്സ്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

മ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അമരം തിയറ്ററുകളിലെത്തിയിട്ട് 30 വർഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ കാലത്തെ അനുഭവങ്ങളും റിലീസിന് മുൻപുണ്ടായിരുന്ന ആശങ്കയുമൊക്കെ പങ്കുവച്ചിരിക്കുകയാണ് അമരത്തിന്റെ നിർമാതാവും നിലവിൽ എംഎൽഎയുമായ മഞ്ഞളാംകുഴി അലി. സിനിമയിലെ കടപ്പുറംഭാഷ തിരിച്ചടിയാകുമോ എന്നായിരുന്നു റിലീസ് ദിനത്തിൽ പോലും സംശയിച്ചിരുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

മഞ്ഞളാംകുഴി അലിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

'കടാപ്പുറ'ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം 'അമര'ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ ആ 'അമര'ക്കാലം.
മമ്മൂട്ടി നായകനായ ചിത്രം റിലീസ് ആവുന്നതുവരെ കലികയറിയ കടൽപോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു ഞങ്ങളുടെയെല്ലാം ഉള്ളകം. വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളികൂടിയായിരുന്നു ആ സിനിമ. അതിന് തൊട്ടുമുമ്പ് മാക് പ്രൊഡക്ഷൻസ് നിർമ്മിച്ച ധ്വനി കുഴപ്പമില്ലാതെ ഓടിയെങ്കിലും പുറപ്പാട്, ജാതകം തുടങ്ങിയ സിനിമകൾ മോശം കലക്ഷനാണ് ബാക്കിവെച്ചത്. ആളുകളെല്ലാം പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയിൽ നോക്കിക്കാണുന്നുവെന്ന് തോന്നിത്തുടങ്ങിയ കാലം. സിനിമാ ജീവിതത്തിൽ നിരാശയുടെ നിഴലാട്ടം കണ്ട നാളുകൾ. അപ്പോഴാണ് അമരത്തിൽ എത്തുന്നത്.
ഭരതേട്ടനായിരുന്നു സംവിധാനം. ലോഹിതദാസിന്റെ തിരക്കഥ. മമ്മൂട്ടിയെകൂടാതെ മുരളി, കെപിഎസി ലളിത, മാതു, അശോകൻ, ചിത്ര തുടങ്ങിയ മുൻനിരതാരങ്ങൾ. കഥ കേട്ടുകഴിഞ്ഞപ്പോൾ കടപ്പുറം ഭാഷയിൽതന്നെ ചിത്രീകരിക്കണമെന്ന് മമ്മൂട്ടിയാണ് നിർബന്ധിച്ചത്. വലിയ പ്രതീക്ഷയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ പടം പൂർത്തിയായി. ചെന്നൈയിൽ ഡബ്ബിങ് കഴിഞ്ഞു. ആദ്യ കോപ്പി പൂർത്തിയായപ്പോൾ സിനിമാ രംഗത്തും പുറത്തുമുള്ള കുറച്ചു സുഹൃത്തുക്കളെ സിനിമ കാണിച്ചു. സിനിമയിലെ അന്നത്തെ 'പ്രമുഖ'രിൽ ചിലരെല്ലാം എന്നെ സ്വകാര്യമായി വിളിച്ച് 'ഈ പടത്തിലെ സ്ലാങ് വലിയ പ്രശ്നമാവുമെന്ന്' അഭിപ്രായപ്പെട്ടു. അച്ഛൻ വേഷത്തിലുള്ള, മുടിനരച്ച മമ്മൂട്ടി, പത്രാസില്ലാത്ത വേഷം, ഈ ഭാഷയും കൂടിയായാൽ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധരായ പലരും അന്ന് ഉപദേശിച്ചത്. നാട്ടിൻപുറത്തുള്ളവർ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.
അന്നൊക്കെ സിനിമയുടെ ആദ്യഘട്ടംമുതൽ റിലീസ് വരെ പൂർണ്ണമായി സിനിമയോടൊപ്പം നിൽക്കുന്ന ശീലമുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളെയും നിഷ്പ്രഭമാക്കുന്ന അഭിപ്രായങ്ങൾ സുഹൃത്തുക്കളിൽനിന്ന് കേട്ടതോടെ ആകെ തകർന്നു. ധനനഷ്ടവും മാനഹാനിയും വരുത്തിയ മുൻസിനികളുടെ ഓർമ്മകളും വേട്ടയാടാൻ തുടങ്ങി.
 ഒടുവിൽ രണ്ടുംകൽപ്പിച്ച് ഫിലിംപെട്ടികൾ തിയറ്ററുകളിലേക്ക് അയച്ചു. തിരുവനന്തപുരത്തേക്കുള്ള പെട്ടി യഥാസമയം അയക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ പെട്ടിയുമായി ഞാൻതന്നെ നേരിട്ട് പോയി. അന്ന് വിമാനത്തിൽ മമ്മൂട്ടിയുമുണ്ടായിരുന്നു. യാത്രയ്ക്കിടെ 'ഹല്ലാ...ഈ സ്ലാങ് പ്രശ്നമാവുമോ' എന്ന് മമ്മൂട്ടി കൂടി ചോദിച്ചതോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി. മാത്രമല്ല, മമ്മൂട്ടിയ്ക്കും അത്ര നല്ല സമയമായിരുന്നില്ല അത്. നാണക്കേടിന്റെ മറ്റൊരു സിനിമകൂടിയാവുമോ എന്ന ശങ്ക അടിമുടി അലട്ടി. രാവിലെ തിയറ്ററിൽ എത്തി. വലിയ തള്ളലൊന്നുമില്ലാതെ തിയറ്റർ മെല്ലെ നിറഞ്ഞു. 10 മണിയുടെ ഷോ ആയിരുന്നതുകൊണ്ട് ചെറുപ്പക്കാരായിരുന്നു കൂടുതൽ.
 ഷോ തുടങ്ങി അൽപ്പം കഴിഞ്ഞാണ് ഡയലോഗ്. കടലോരത്തെ ചെറ്റക്കുടിലിൽ മമ്മൂട്ടിയുടെ കഥാപാത്രം ചോറുണ്ണുന്നതാണ് രംഗം. വലിയ ഉരുളയാക്കി 'മുത്തെ, അച്ഛന് ഇച്ചിരി കൂട്ടാന്റെ ചാറിങ്ങെടുത്തെ' എന്ന് കടപ്പുറത്തിന്റെ ശൈലിയിൽ ആദ്യ ഡയലോഗ്. നെഞ്ച് പെടപെടാ പിടയ്ക്കുന്ന നേരം. കടപ്പുറത്തിന്റെ തിരയിളക്കമുള്ള ഭാഷ നാട്ടുകാർ സ്വീകരിക്കുമോ എന്ന ചിന്തയ്ക്ക് തീ പിടിച്ച നേരത്ത് അപ്രതീക്ഷിതമായി ആ മഹാൽഭുതം സംഭവിച്ചു. ഡയലോഗ് കഴിഞ്ഞയുടനെ തിയറ്റർ ഹർഷാരവങ്ങൾകൊണ്ട് നിറഞ്ഞു. പൂമാലകൾ തിയറ്ററിലൂടെ പറന്നു. സിനിമ വിജയിക്കാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞ സെക്കന്റുകൾ. തിയറ്ററിലെ ആവേശം എന്നിലേക്കും ഇരച്ചുകയറി. സെക്കന്റ് ക്ലാസ് സീറ്റുകൾക്ക് പിറകിൽ  പൊലീസുകാർക്കിടയിൽ നിന്നുകൊണ്ടായിരുന്നു ഞാൻ സിനിമ കണ്ടത്. ജനങ്ങളുടെ പ്രകടനം കണ്ട ഞാൻ സമീപത്തുണ്ടായിരുന്ന അപരിചിതരായ പൊലീസുകാരുടെ തോളിൽ കയ്യിട്ട് ഉയരത്തിൽ ചാടി. ആ സെക്കന്റുകളിൽ  അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നു പറയണം. പിന്നെ ആ പൊലിസുകാരോട് സോറി പറഞ്ഞു.
 അതേ നിമിഷത്തിൽ ജനം ആ സിനിമയുടെ വിധിയെഴുതി. ലോകോത്തര നിലവാരമുള്ള ഒന്നാന്തരം സിനിമ. മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്യണമെന്ന് പലസമയങ്ങളിൽ ആവശ്യമുണ്ടായിരുന്നു. എന്നാൽ കടലിലെ ചിത്രീകരണം, നമ്മുടെ കടപ്പുറത്തെ ആ ഭാഷയുടെ സൗന്ദര്യം എന്നിവകൊണ്ടാവാം മറ്റുഭാഷകളിലേക്ക് അത് മൊഴിമാറ്റപ്പെട്ടില്ല. എന്തുതന്നെയായാലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച, സ്വപ്നതുല്യമായ സിനിമയായി 'അമരം' മാറി. അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് കൂടെയില്ല. മറക്കാനാവാത്ത അനുഭവങ്ങൾ നൽകിയാണ് ഓരോരുത്തരും വിട്ടുപോയത്. ആ സിനിമയ്ക്ക് 30 വയസ്സ് പൂർത്തിയാവുന്ന ഈ നേരവും ആ സ്നേഹബന്ധങ്ങളെല്ലാം തന്നെ ജീവിതത്തിന്റെ അമരത്തുണ്ട്. തിരയൊഴിയാത്ത തീരംപോലെത്തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com