തപ്സിയുടെ ടിവിയിൽ അനുരാഗ് കശ്യപ്, അമ്പരപ്പ്, ഇത്തവണ എത്തുന്നത് ടൈം ട്രാവൽ സിനിമയുമായി; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 06:09 PM |
Last Updated: 12th February 2021 06:09 PM | A+A A- |
അനുരാഗ് കശ്യപ്, തപ്സി / ഇന്‍സ്റ്റഗ്രാം
തപ്സി പന്നുവിനെ നായികയാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായൻ അനുരാഗ് കശ്യപ്. ടൈം ട്രാവല്‍ സിനിമയ്‍ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2.12 ദൊ ബാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറും പുറത്തുവിട്ടിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അനുരാഗ് കശ്യപ് തന്നെയാണ് ടീസര്‍ പങ്കുവെച്ചത്.
തപ്സിയും അനുരാഗുമാണ് ടീസറിലുള്ളത്. വീട്ടിലേക്ക് വരുന്ന തപ്സി തനിക്ക് വന്നിരിക്കുന്ന ചില സിനിമ തിരക്കഥകൾ വായിക്കുകയാണ്. പിന്നീട് ടെലിവിഷൻ സ്വിച്ച് ചെയ്യാൻ 'അലക്സ'യോട് ആവശ്യപ്പെടുന്നു. വാർത്ത കേട്ട ശേഷം, വ്യത്യസ്തമായ ഒരു സിനിമയിടാൻ പറയുന്നു. അപ്പോൾ തപ്സിയുടെ ടിവിയിൽ തെളിയുന്നത് അനുരാഗ് കശ്യപാണ്. തന്റെ തിരക്കഥ അയച്ചിട്ടുണ്ടെന്നും അത് നോക്കാനും താരം പറയുന്നു. സിനിമയുടെ പേരു ചോദിക്കുന്ന തപ്സിയോട് സമയം നോക്കാനാണ് അനുരാഗ് ആവശ്യപ്പെടുന്നത്. സമയം തന്നെയാണ് സിനിമയുടെ പേരും എന്നു പറഞ്ഞുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്.
ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനുരാഗിന്റെ മൻമര്‍സിയാൻ എന്ന സിനിമയിലൂടെയാണ് അനുരാഗും തപ്സിയും അവസാനമായി ഒന്നിച്ചത്. ഇപ്പോൾ ലക്ഷ്മി റോക്കറ്റിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.