'കാമറയുള്ള പരിപാടിയിൽ പോയി ഞാൻ എന്തിന് ഇരിക്കണം?'; ബിഗ് ബോസ് വാർത്തയോട് പ്രതികരിച്ച് അഹാന
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 11:53 AM |
Last Updated: 12th February 2021 12:03 PM | A+A A- |
അഹാന കൃഷ്ണ/ ഫേയ്സ്ബുക്ക്
മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസൺ ഞായറാഴ്ച തുടക്കമാവുകയാണ്. ഷോയിലെ മത്സരാർത്ഥികളെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാൽ ഇതേക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, ബോബി ചെമ്മണ്ണൂർ തുടങ്ങിയ നിരവധി പേരുകൾ ഇതിനോടകം ഉയർന്നു വന്നു. കൂടാതെ നടി അഹാന കൃഷ്ണ ബിഗ് ബോസിലുണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ അതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഹാന.
തന്റെ വീടു തന്നെ ഒരു മിനി ബിഗ് ബോസാണെന്നും പിന്നെ ക്യാമറയുള്ള പരിപാടിയിൽ പോയി ഇരിക്കുന്നത് എന്തിനാണെന്നുമാണ് താരം ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറോയിലൂടെയാണ് ബിഗ് ബോസ്സിനെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ച് അഹാന പ്രതികരിച്ചത്.“രണ്ടു മൂന്നു ദിവസമായി കുറേപേർ എന്നോട് ചോദിക്കുന്നു, ബിഗ് ബോസിൽ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാർത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാൻ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയിൽ പോയി എന്തിനു ഞാൻ ഇരിക്കണം.”- താരം കുറിച്ചു.
ജനുവരി ആദ്യമാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഷോയുടെ മൂന്നാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക. കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക.