സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയ്ക്ക് താങ്ങായ കുഞ്ഞുകൂട്ടം; ഫില്‍മോക്രസി ഇനി തിരക്കഥ 'പറഞ്ഞുകൊടുക്കുന്നു'
By വിഷ്ണു എസ് വിജയന്‍ | Published: 13th February 2021 05:37 PM |
Last Updated: 13th February 2021 05:57 PM | A+A A- |

ഫില്‍മോക്രസി വെബ്‌സൈറ്റില്‍ നിന്ന്
സിനിമ എന്ന വലിയ മോഹവുമായി അലയുന്ന മനുഷ്യര്‍ക്ക് ആ മായികലോകത്തേക്ക് എത്തപ്പെടാന്‍ അനവധി കടമ്പകളാണ് താണ്ടാനുള്ളത്. കച്ചവട സിനിമയ്‌ക്കൊപ്പം നില്‍ക്കാതെ മാറി നടക്കുന്ന, ബദല്‍ സിനിമകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ കൂടുതല്‍ ദൂരങ്ങള്‍ താണ്ടേണ്ടിവരും. കൃത്യമായ രാഷ്ട്രീയം പറയുന്നതിനാല്‍, കലയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അത്തരക്കാര്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന മുറിവുകള്‍ ആഴത്തിലുള്ളതാണ്. എന്നാല്‍ ആ ക്ഷതങ്ങള്‍ മായ്ച്ചു കളയുന്ന ചിലരുണ്ട്, സ്വതന്ത്ര സിനിമ സ്വപ്നത്തെ നെഞ്ചിലേറ്റുന്നവര്‍ക്ക് താങ്ങായി മാറുന്ന ചില കൂട്ടായ്മകള്‍. അവരുടെ തോളിലേറി നല്ല സിനിമ ജനിക്കുന്നു, നല്ല സിനിമാ പ്രവര്‍ത്തകര്‍ ജനിക്കുന്നു, അങ്ങനെ ബിഗ് ബജറ്റ് കച്ചവട സിനിമകളുടെ ആഘോഷപ്പൂരങ്ങള്‍ക്കിടയിലും മലയാള ബദല്‍ സിനിമ മുന്നേറുന്നു. അത്തരത്തിലുള്ളൊരു കൂട്ടായ്മയാണ് ഫില്‍മോക്രസി.
മൂന്നുവര്‍ഷം മുന്‍പ് സ്ഥാപിതമായൊരു കുഞ്ഞുകൂട്ടം എത്രമനുഷ്യരുടെ സിനിമാ സ്വപ്‌നങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയതെന്നോ! സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ വരെ നേടിയെടുത്ത സിനിമകള്‍ ഈ കൂട്ടായ്മയുടെ സഹകരണത്തിന്‍മേല്‍ പിറവിയെടുത്തു. ഫില്‍മോക്രസി ഇപ്പോള്‍ പുതിയൊരു ഉദ്യമവുമായി രംഗത്തുവന്നിരിക്കുകയാണ്. സിനിമാ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരക്കഥ പറഞ്ഞുകൊടുക്കുക; അതായത് സ്‌ക്രിപ്റ്റ് മെന്ററിങ്. ഫെബ്രുവരി ആദ്യവാരം മുതല്‍ ആരംഭിച്ച പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകനും ഫില്‍മോക്രസിയില്‍ അംഗവുമായ സഞ്ജു സുരേന്ദ്രന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
ഫില്‍മോക്രസി എന്ന ആശ്രയം
സ്വതന്ത്ര സിനിമാ സ്വപ്‌നങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫില്‍മോക്രസി എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.കച്ചവട സിനിമകള്‍ക്ക് കൃത്യമായി ഒരു നിര്‍മ്മാതവും മറ്റ് സംവിധാനങ്ങളും ഒക്കെയുണ്ടാകും. പക്ഷേ സ്വതന്ത്ര സിനിമാ സ്വപ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് ചിലപ്പോള്‍ അത്തരത്തിലുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കണമെന്നില്ല. അവരുടെ കഥ കേള്‍ക്കാന്‍ പോലും നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നില്ല. അത്തരത്തിലുള്ള സാഹചര്യം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഫില്‍മോക്രസി എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി പല സിനിമകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കി വരികയാണ്. കഴിഞ്ഞതവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ വാസന്തി, ഡോണ്‍ പാലത്തറയുടെ വിത്ത്, സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍, പിക്‌സേലിയ തുടങ്ങി എട്ട് ഫീച്ചര്‍ സിനിമകള്‍, റോസ, ലിമ,മുണ്ടന്‍, അതീതം തുടങ്ങി ആറ് ഷോര്‍ട്ട് ഫിലിമുകള്‍, മൂന്ന് ഡോക്യുമെന്ററി സിനിമകള്‍ എന്നിവയ്ക്ക് സാങ്കേതിക സഹായം ചെയ്യാന്‍ സാധിച്ചു.
വാസന്തി ചിത്രീകരണം/ ഫില്‍മോക്രസി വെബ്‌സൈറ്റില്‍ നിന്ന്
ബെംഗളൂരുവിലുള്ള സിനിമാ പ്രവര്‍ത്തകന്‍ ബാബുരാജിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഉയര്‍ന്നുവന്നത്. ഇപ്പോള്‍ ഒരുപാട് ഫിലിം മേക്കേഴ്‌സ് കൂട്ടായ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിപേരെ സഹായിക്കാന്‍ കഴിഞ്ഞു.
മൂന്നുവര്‍ഷം മുന്‍പ് ഫില്‍മോക്രസി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിന്റെ മുഖ്യ ഉദ്ദേശം പരമാവധി കുറഞ്ഞ ചെലവില്‍ സിനിമകള്‍ ചെയ്യാന്‍ സ്വതന്ത്ര സിനിമ സംവിധായകരെ സഹായിക്കുക എന്നതായിരുന്നു. സാമ്പത്തികമായ ഗ്രാന്റ്‌ലൂടെ ഒരു സിനിമയെ മാത്രമേ സഹായിക്കാന്‍ സാധിക്കുള്ളു എന്ന തിരിച്ചറിവാണ് സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം നിര്‍മ്മാണോപകരണങ്ങള്‍ നല്‍കുക എന്ന രീതിയിലേക്ക് മാറിയത്.
സ്‌ക്രിപ്റ്റ് മെന്ററിങ്
കരുത്തുള്ള തിരക്കഥകള്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ പുതുതായി രംഗത്തുവരുന്ന പലര്‍ക്കും ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട് എന്ന ചിന്തയില്‍ നിന്നാണ് സ്‌ക്രിപ്റ്റ് മെന്ററിങ് ആശയത്തിലേക്ക് വന്നത്. എങ്ങനെ നല്ലൊരു തിരക്കഥ ഒരുക്കാം എന്നതില്‍ പരിചയ സമ്പന്നരായ സിനിമാപ്രവര്‍ത്തകര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഫെബ്രുവരി ഒന്നുമുതലാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. ഫിലിം മേക്കേഴ്‌സ് ആയ ഉണ്ണി വി വിജയന്‍, അഭിലാഷ് വിജയന്‍,ക്രിസ്റ്റോ ടോമി, ചലച്ചിത്ര നടി ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
ഈ പ്രോഗ്രാം സ്‌ക്രിപ്റ്റ് മെന്ററിങ്ങിലെ അംഗീകൃത സമ്പ്രദായങ്ങളെ ആധാരമാക്കിയുള്ളതാണ്. ഓരോ പ്രോജക്റ്റിനും പ്രത്യേകം മെന്റര്‍മാരെ നിയോഗിക്കുകയും, ഓരോ ഫിലിം മേക്കേര്‍സിനും അനുയോജ്യമായ സമയ പരിഗണനകളോടെ അവരുടെ സ്‌ക്രിപ്റ്റുകളെ പ്രത്യേകമായി വികസിപ്പിച്ചെടുക്കുക എന്ന രീതിയാണ് ഫില്‍മോക്രസി അവലംബിക്കുന്നത്.
ഓരോ ഫിലിം മേക്കേര്‍സിന്റെയും ഒറിജിനല്‍ വിഷനെ സാക്ഷാത്ക്കരിക്കാന്‍ പ്രാപ്തമായ രീതിയില്‍ നിലവിലുള്ള സ്‌ക്രിപ്റ്റിന്റെ അപര്യാപ്തതകളെ പരിഹരിച്ച്, പൂര്‍ണ്ണതയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം തന്നെ. അതുമാത്രമല്ല, തുടര്‍ന്ന് പ്രോഡക്ഷന്‍ ഘട്ടത്തിലും പോസ്റ്റ്-പ്രോഡക്ഷന്‍ ഘട്ടത്തിലുമൊക്കെ പ്രസ്തുത പ്രോജക്റ്റിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിചയസമ്പന്നരായ മെന്റേര്‍സിന് കഴിയും.