ദസ്തയേവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും സിനിമയാകുന്നു, ഒരുക്കുന്നത് കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത്

ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നാണ് ബൽറാം കളിയാട്ടം ഒരുക്കിയത്
സുരേഷ് ​ഗോപിയും മഞ്ജു വാര്യരും കളിയാട്ടത്തിൽ, ബൽറാം മട്ടന്നൂർ/ ഫേയ്സ്ബുക്ക്
സുരേഷ് ​ഗോപിയും മഞ്ജു വാര്യരും കളിയാട്ടത്തിൽ, ബൽറാം മട്ടന്നൂർ/ ഫേയ്സ്ബുക്ക്

ലോകപ്രശസ്ത എഴുത്തുകാരൻ ഫയദോര്‍ ദസ്തയേവ്‌സ്‌കിയുടെ വിഖ്യാത നോവൽ ‘ക്രൈം ആന്റ് പനിഷ്മെന്റ്(കുറ്റവും ശിക്ഷയും)’ സിനിമയാകുന്നു. മലയാളത്തിലെ ക്ലാസിക്ക് ചിത്രമായി കണക്കാക്കുന്ന കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുസ്തകത്തെ ഫോർട്ട് കൊച്ചിയിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നാണ് കഥ പറയുകയെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നാണ് ബൽറാം കളിയാട്ടം ഒരുക്കിയത്. അതേപോലെ തന്നെയാണ് പുതിയ ചിത്രവും വരുന്നത്. കുറ്റവും ശിക്ഷയും വളരെ സങ്കീർണമായ കഥയാണ് അതിനാൽ ഒന്നര വർഷത്തോളം സമയമെടുത്താണ് കഥ ഒരുക്കിയത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതിശയകരമായ ഒരു ഘടകം ഞാൻ തിരക്കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. അത് പ്രോജക്റ്റിന്റെ കരുത്തായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഒഥല്ലോയെ വടക്കൻ കേരളത്തിലെ തെയ്യം പശ്ചാത്തലമാക്കി കളിയാട്ടമാക്കിയതുപോലെ, കുറ്റവും ശിക്ഷയും ഏത് കാലഘട്ടത്തിലാണ് അടിസ്ഥാനമാക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായത്. അത് തീരുമാനം ആയതിന് ശേഷം ബാക്കി എല്ലാം തന്നെ സുഖകരമായി.- ബൽറാം മട്ടന്നൂർ പറഞ്ഞു. 

എഴുത്തുകാരൻ എന്ന നിലയിൽ നാടകത്തിനേക്കാൾ നോവലിൽ നിന്നും പ്രചോദനം ഉൾകൊള്ളുന്നതാണ് എളുപ്പമെന്നാണ് അദ്ദേഹം പറയുന്നത്. മഴയ്ക്ക് സിനിമയിൽ  പ്രാധാന്യമുള്ളതിനാൽ ജൂണിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ഒരു പ്രമുഖ നടനായിരിക്കും അവതരിപ്പിക്കുക. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും ബൽറാം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com