'എന്തിനാണ് ഇത് ചെയ്തതെന്ന് ഒരിക്കലും ഞാൻ അറിയാനിടയില്ല'; രാഹുലിന്റെ ചിതയ്ക്കരികില്‍ സബീറ്റ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 12:21 PM |
Last Updated: 13th February 2021 12:23 PM | A+A A- |
സബീറ്റ രാഹുലിന്റെ ചിതക്കരികിൽ/ ഇൻസ്റ്റഗ്രാം
സഹസംവിധായകൻ രാഹുലിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോൾ രാഹുലിന്റെ വേർപാടിൽ ദുഃഖം പങ്കുവെച്ചുകൊണ്ട് ചക്കപ്പഴം എന്ന പരമ്പരയിലെ താരം സബീറ്റ ജോർജ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രാഹുലിന്റെ ചിതക്കരുകിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.
'എത്ര വൈകിയാണെങ്കിലും, ഇവിടെ വന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകുന്നില്ല, 'എന്തുകൊണ്ട്' എന്നതിന് എനിക്ക് ഒരിക്കലും വ്യക്തമായ ഉത്തരം ലഭിക്കാനിടയില്ല. ഒരുമിച്ച് ജോലിചെയ്യുമ്പോൾ ഞങ്ങൾ കുറച്ച് തവണ മാത്രമേ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ, പക്ഷേ നീ തീർച്ചയായും എന്നെ സ്വാധീനിച്ചിരുന്നു... മനോഹരമായ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ! ഇന്നലെ ഈ സമയത്ത് ജീവനോടെ ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം... ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം'- സബീറ്റ കുറിച്ചു.
പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്ന 'ഭ്രമം' എന്ന ചിത്രത്തിൽ സഹസംവിധായകനായി ഇരിക്കെയാണ് രാഹുലിന്റെ അപ്രതീക്ഷിത വിയോഗം. കൊച്ചി മരടിലെ ഹോട്ടൽ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങൾ രാഹുലിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഭ്രമത്തിന്റെ ചിത്രീകരണത്തിനാണ് ആര്‍ രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.