കാട്ടിൽ ഒളിക്കുന്ന വധുവിനെ തേടിപ്പിടിക്കണം, കല്യാണവും ആദ്യരാത്രിയും കാടിനുള്ളിൽ; മുതുവാൻ കല്യാണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 03:03 PM |
Last Updated: 14th February 2021 07:21 PM | A+A A- |
വിഡിയോയിൽ നിന്ന്
അണിഞ്ഞൊരുങ്ങി കാടു കയറുന്ന വധു, തിരഞ്ഞുകണ്ടുപിടിച്ച് വിവാഹം കഴിക്കാനായി പോകുന്ന വരനും സംഘവും. അവസാനം തന്റെ പ്രിയതമയെ ചെക്കൻ കണ്ടെത്തും. പിന്നെ വൈകിക്കില്ല കാട്ടിൽ വച്ചു തന്നെ വിവാഹം നടക്കും. അന്നു രാത്രി കാടിനുള്ളിൽ തങ്ങി നവദമ്പതികൾ വീട്ടിലേക്ക് മടങ്ങും. ഇങ്ങനെയൊരു വിവാഹത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാവുമോ? ഇതുവരെ നിങ്ങൾ അറിയാത്ത വിവാഹ ചടങ്ങിനെ പരിചയപ്പെടുത്തുകയാണ് മുത്തുവൻ കല്യാണം എന്ന ഷോർട്ട് ഫിലിം.
കേരളത്തിലെ ഒരു ഗോത്ര സമുദായമായ മുതുവാന്മാരുടെ വിവാഹത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഷാന്‍ സെബാസ്റ്റ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കാടിന്റെ മനോഹര ദൃശ്യഭംഗിലാണ് ഷോർട്ട് ഫിലിം. വിവാഹത്തെക്കുറിച്ചുള്ള പഴയ ഓർമകൾ പുതിയ തലമുറയോട് പങ്കുവെക്കുന്ന മുത്തശ്ശനിലാണ് വിഡിയോ ആരംഭിക്കുന്നത്.
വധുവിന്റെ സുഹൃത്തുക്കള്‍ അവളെ വനത്തിൽ ഒളിപ്പിക്കും. വന്യമൃഗങ്ങളുള്ള കാട്ടിൽ വധുവിനേയും തേടി ചെക്കനും കൂട്ടുകാരും എത്തും. പാട്ടു നൃത്തവുമൊക്കെയായി ആഘോഷമായാണ് കാടുകയറിൽ. വരൻ തന്റെ വധുവിനെ കണ്ടെത്തണമെന്ന് നിർബന്ധമാണ്. അല്ലെങ്കില്‍ പരിഹാസമായിരിക്കും. അവളെ സ്വന്തമാക്കാന്‍ കാടിന്റെ അപകടങ്ങളെ അയാള്‍ നേരിടണം. ചിലപ്പോള്‍, തിരയല്‍ നിരവധി ദിവസങ്ങളില്‍ തുടരും. അത് ഉപേക്ഷിക്കാന്‍ കഴിയില്ല, കാരണം പുരുഷന് വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ വിവാഹം നിശ്ചയിക്കൂവെന്നാണ് മുതുവ ആചാരത്തില്‍ പറയുന്നത്. എന്നാൽ കാലത്തിന് അനുസരിച്ച് തങ്ങളുടെ വിവാഹ ആചാരങ്ങളും മാറിയെന്നും വിഡിയോയിൽ വ്യക്തമാക്കുന്നു.
മുതുവാൻ സമുദായത്തിലെ തന്നെ യുവതി യുവാക്കളെ തന്നെ ഉള്‍പ്പെടുത്തിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വര്ഷ മഞ്‍ജുനാഥ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.