എനിക്ക് 90 വയസൊന്നുമായിട്ടില്ല; ഒഴിവാക്കിയത് കോണ്‍ഗ്രസുകാരനായതുകൊണ്ട്: സലീംകുമാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 03:20 PM |
Last Updated: 16th February 2021 03:25 PM | A+A A- |

സലീംകുമാര്‍ ഫയല്‍ ഫോട്ടോ
കൊച്ചി: ഐഎഫ്എഫ്‌കെയില്‍ നിന്ന് ഒഴിവാക്കിയത് പ്രായക്കൂടുതല്‍ കൊണ്ടല്ലെന്നും കോണ്‍ഗ്രസുകാരനായതുകൊണ്ടാണെന്നും നടന്‍ സലീം കുമാര്‍. അവിടെ നടക്കുന്നത് ഒരു സിപിഎം മേളയാണ്. അഭിമാനത്തോടെ ഞാന്‍ ഇനിയും പറയും. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. മരിക്കും വരെ അങ്ങനെതന്നെ.' സലീം കുമാര്‍ പറഞ്ഞു.
എനിക്ക് 90 വയസൊന്നുമായിട്ടില്ല. ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളജില്‍ പഠിച്ചവരാണ്. അവരെക്കാള്‍ രണ്ട് മൂന്നു വയസ് എനിക്ക് കൂടുതല്‍ കാണും. ഞാന്‍ കാരണം തിരക്കിയപ്പോള്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നു എന്നാണ് പറഞ്ഞത്. സോഹന്‍ സീനുലാലിനെ വിളിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി കിട്ടിയത്. പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെ. അദ്ദേഹം ചോദിക്കുന്നു.
തിരുവനന്തപുരത്ത് വച്ച് ടിനിടോം സംഘാടകരോട് ചോദിച്ചതാണ്, എറണാകുളത്ത് വച്ചല്ലേ അപ്പോള്‍ സലീമിനെ വിളിക്കേണ്ട എന്ന്. അപ്പോള്‍ വിട്ടുപോയതാണെന്ന് പറയാന്‍ പറ്റില്ലല്ലോ. വിവാദമായപ്പോള്‍ എന്നെ വിളിച്ചു. വേണമെങ്കില്‍ വന്ന് കത്തിച്ചോ എന്ന പോലെ. ഞാന്‍ പോകില്ല. എന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ വിജയിച്ചു. ഞാന്‍ അവിടെ പോയി അവരെ തോല്‍പ്പിക്കുന്നില്ല. ഞാന്‍ തോറ്റോളാം. ഇനി എന്തൊക്കെ പറഞ്ഞാലും മരിക്കും വരെ ഞാനൊരു കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. അതിനൊരു മാറ്റവുമില്ല.' സലീം കുമാര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ അക്കാദമി അവാര്‍ഡ് ജേതാക്കളായ 25 പേര്‍ ചേര്‍ന്ന് ചടങ്ങില്‍ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള സലീംകുമാറിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒഴിവാക്കുകയായിരുന്നു.