ഷാജി എന്‍ കരുണ്‍
ഷാജി എന്‍ കരുണ്‍

പ്രത്യേകിച്ച് റോള്‍ ഒന്നുമില്ല, അതുകൊണ്ട് പങ്കെടുത്തില്ല; കമലിന് ഷാജി എന്‍ കരുണിന്റെ മറുപടി 

പ്രത്യേകിച്ച് റോളൊന്നും ഇല്ലാത്തത് കൊണ്ടാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാത്തതെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍

കൊച്ചി: പ്രത്യേകിച്ച് റോളൊന്നും ഇല്ലാത്തത് കൊണ്ടാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാത്തതെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. കമല്‍ തന്നെ വിളിച്ചെന്നത് യാഥാര്‍ഥ്യമാണ്. കലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത്. കലാകാരന്മാര്‍ പരസ്പരം ബഹുമാനിക്കുന്ന സംസ്‌ക്കാരം പിന്തുടരണമെന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞു. 

ചലച്ചിത്രോല്‍സവ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തള്ളിയിരുന്നു. സംസ്ഥാന സിനിമാ അവാര്‍ഡിന്റെ ചടങ്ങിനും ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ സാറാണ്. സാറിന്റെ സാന്നിധ്യം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമല്‍ പറഞ്ഞു.

അതിന് ശേഷം ഉദ്ഘാടന ദിവസം അടക്കം ആറു പ്രാവശ്യം ഷാജി എന്‍ കരുണിനെ ഫോണ്‍ ചെയ്തിരുന്നു. സ്‌റ്റേറ്റ് അവാര്‍ഡിന്റെ ദിവസം അദ്ദേഹം തനിക്ക് വ്യക്തിപരമായി ഒരു മെയില്‍ അയച്ചിരുന്നു. അതില്‍ ചലച്ചിത്ര അക്കാദമിയിലെ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ട്. അതിനാല്‍ ചലച്ചിത്ര അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.

ഇതിന് ശേഷം ഐഎഫ്എഫ്‌കെ ഇത് 25 ാം വര്‍ഷമാണെന്നും, ഇതില്‍ എങ്കിലും പങ്കെടുക്കണമെന്നും ഷാജി എന്‍ കരുണിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല. അദ്ദേഹത്തെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താന്‍. ആരെങ്കിലുമായും പ്രശ്‌നമുണ്ടെങ്കില്‍ മൊത്തത്തില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രശ്‌നമാണെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയില്ല.

എന്തായാലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. അദ്ദേഹത്തെ സദസ്സില്‍ ഇരുത്തും എന്നു പറഞ്ഞത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആളുടെ മനോഗതിയായിരിക്കും. ഷാജി എന്‍ കരുണിനെപ്പോലെ ഒരാളെ ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ സദസ്സില്‍ ഇരുത്തും എന്നു വിശ്വസിക്കാനുള്ള മൗഢ്യം എന്തായാലും ജനങ്ങള്‍ക്കുണ്ടാവില്ലെന്ന് കമല്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ വാഹനത്തില്‍ നിന്നും പിറവി സിനിമ ഒഴിവാക്കിയതിനെക്കുറിച്ച് തനിക്ക് അറിവില്ല.ടൂറിംഗ് ടാക്കീസ് വണ്ടിയില്‍ നിന്നും താന്‍ വന്നതിന് ശേഷം സിനിമ ഒഴിവാക്കിയിട്ടില്ല. ഇതിന് മുമ്പ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ഭരണസമിതി ഉത്തരവാദികളാണെന്ന് പറയുന്നത് ശരിയല്ല. ചരിത്രത്തില്‍ നിന്നും ഷാജി കരുണ്‍ എന്ന ചലച്ചിത്രകാരനെ ഒഴിവാക്കാന്‍ പറ്റുമോ?. ഏതെങ്കിലും ഒരു കുബുദ്ധി വിചാരിച്ചാല്‍ അത് നടക്കുമോ എന്നും കമല്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com