സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 07:38 PM |
Last Updated: 18th February 2021 07:38 PM | A+A A- |
ഐസക് തോമസ് കൊട്ടുകാപ്പള്ളി
ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.
കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി.
സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ തന്നെ ഇഷ്ടവിനോദങ്ങളായിരിന്നു. കെ.ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. പിന്നീട് അരവിന്ദന്‍റെ തമ്പില്‍ അസിസ്റ്റന്‍റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്.
അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.
തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി (ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004))