സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുന്ന ദൃശ്യം 2; പ്രശംസിച്ച് കിഷോർ സത്യ

'വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ സംവിധായകന്റെ ചുമലിലുമാണ് നാം പൊതുവെ ഏൽപ്പിക്കാറുള്ളത്'
ജീത്തു ജോസഫ്, കിഷോർ സത്യ/ ഫേയ്സ്ബുക്ക്
ജീത്തു ജോസഫ്, കിഷോർ സത്യ/ ഫേയ്സ്ബുക്ക്

ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ സംവിധായകൻ ജീത്തു ജോസഫിനെ പ്രശംസിച്ച് നടൻ കിഷോർ സത്യ. സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് "ദൃശ്യം 2" എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്. മലയാളത്തിൽ വന്നിട്ടുള്ള രണ്ടാം ഭാഗങ്ങൾ ഭൂരിഭാഗവും ആദ്യ ഭാഗത്തിന്റെ വാണിജ്യ വിജയം  മാത്രം മനസ്സിൽ കണ്ട്‌ ഉണ്ടാക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയിൽ പലതും തട്ടിക്കൂട്ടു പടങ്ങളായി നമുക്ക് തോന്നിയതും. എന്നാൽ ദൃശ്യം 2 ഇതിൽ നിന്ന് വ്യത്യസ്തമാണെന്നാണ് കിഷോർ പറഞ്ഞു. സിനിമ തിയറ്ററിൽ കാണാൻ പറ്റാത്തതിന്റെ വിഷമവും താരം പങ്കുവച്ചു. 

കിഷോർ സത്യയുടെ കുറിപ്പ്

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി  നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്.  വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ സംവിധായകന്റെ ചുമലിലുമാണ് നാം പൊതുവെ ഏൽപ്പിക്കാറുള്ളത്.

എന്നാൽ സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് "ദൃശ്യം 2" ലൂടെ  ജീത്തു ജോസഫ്.  അദ്ദേഹം തന്നെ അതിന്റെ രചയിതാവ് കൂടെയാവുമ്പോൾ അതിന് ഇരട്ടി മധുരം.മലയാളത്തിൽ വന്നിട്ടുള്ള രണ്ടാം ഭാഗങ്ങൾ ഭൂരിഭാഗവും ആദ്യ ഭാഗത്തിന്റെ വാണിജ്യ വിജയം  മാത്രം മനസ്സിൽ കണ്ട്‌ ഉണ്ടാക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയിൽ പലതും തട്ടിക്കൂട്ടു പടങ്ങളായി നമുക്ക് തോന്നിയതും.

എന്നാൽ ദൃശ്യത്തിന്റെ തിരക്കഥയോടൊപ്പം തന്നെ  ചെയ്തു വച്ച ഒരു രണ്ടാം ഭാഗത്തിന്റെ ചാരുത ദൃശ്യം- 2 ൽ നമുക്ക് അനുഭവപ്പെടുന്നു. 6 വർഷങ്ങൾ കൊണ്ട് ജോർജ് കുട്ടിയുടെ കുടുംബത്തിന് ഉണ്ടാകാവുന്ന മാറ്റങ്ങൾ, പ്രത്യേകിച്ചും വളരുന്ന കുട്ടികളിൽ. ജോർജ്കുട്ടിയുടെ മാറ്റം, ഒരുവൻ പണം വരുമ്പോൾ നാട്ടുകാരിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഇവയൊക്കെ സൂക്ഷ്മമായി പ്രതിപാദിക്കാൻ ജീത്തുവിന് സാധിച്ചു.

പഴയ കേസിന്റെ ഒരു തുടർ അന്വേഷണവും അതിനെ നായകൻ എങ്ങനെ നേരിടുമെന്നതുമാവും പുതിയ കഥ എന്ന പ്രേക്ഷകന്റെ മുൻ ധാരണകൾ എഴുത്തിന്റെ ഘട്ടത്തിൽ ജീത്തുവിന് വൻ ബാധ്യത ആയിരുന്നിരിക്കണം. അതിനെ അതിജീവിക്കുക എന്ന വെല്ലുവിളിയിൽ പ്രേക്ഷകരെ പരാജയപോയെടുത്താൻ ജീത്തു ജോസഫ് എന്ന എഴുത്തുകാരന് സാധിച്ചപ്പോൾ തന്നെ പകുതിയിൽ അധികം ഉത്തരവാദിത്തം പൂർത്തിയായി. 

ജീത്തുവിന്റെ ഫേസ്ബുക് പേജിന്റെ ആദ്യ കവർ ഫോട്ടോ "I am just a story teller"എന്നായിരുന്നു. അതെ ജീത്തു, താങ്കൾ  ഒരു നല്ല കഥ പറച്ചിൽകാരൻ ആണ്. ആ കഥകരന്റെ  മികവാണ് ദൃശ്യം 2 ലൂടെ ഞങ്ങൾ ആസ്വദിക്കുന്നത്.

ഈ  ചിത്രം തീയേറ്ററിന്റെ ആളനക്കത്തിലും ആരവത്തിലും  കാണാൻ സാധിച്ചില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം മാത്രം. അത് കാലത്തിന്റെ അപതീക്ഷിത തിരിച്ചിലിൽ നമ്മൾ ചെന്നുപെട്ട ഒരു ഗതികേട് കൊണ്ട് മാത്രമെന്നു കരുതി സമാധാനിക്കാം. 

ഒപ്പം ജീത്തു ജോസഫുമായി സൗഹൃദം ഉണ്ടെന്നു മറ്റുള്ളവരോട് പറയുമ്പോൾ ഇപ്പോൾ എന്റെ തല  കൂടുതൽ നിവർന്നിരിക്കുന്നു. ജീത്തുവിന്റെ പേനയിൽ ഇനിയും ഒരുപാടു അത്ഭുതങ്ങളും വിസ്മയങ്ങളും ഒളിഞ്ഞിരിക്കുന്നു. അവയ്ക്കായി   ക്ഷമാപൂർവം  കാത്തിരിക്കുന്നു....... സ്നേഹത്തോടെ..... പ്രതീക്ഷയോടെ.........

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com