ബിലാൽ അല്ല, ആദ്യം 'ഭീഷ്മ പർവ്വം', ചിത്രീകരണം തുടങ്ങി, ക്ലാപ്പടിച്ച് ജ്യോതിർമയിയും നസ്രിയയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 04:27 PM |
Last Updated: 21st February 2021 04:27 PM | A+A A- |
ചിത്രം: ഫേസ്ബുക്ക്
ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിൻറെ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ മമ്മൂട്ടി - അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമായ 'ഭീഷ്മ പർവ്വം' ആണ് ഇപ്പോൾ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ഷൂട്ടിംഗ്. അമൽ നീരദിൻറെ ഭാര്യയും നടിയുമായ ജ്യോതിർമയിയും നടി നസ്രിയയും ചേർന്നാണ് ക്ലാപ്പടിച്ചത്.
മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. ദേവദത്ത് ഷാജി, രവി ശങ്കർ, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭീഷ്മ പർവ്വത്തിൻറേതായി പുറത്തുവന്ന മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പിലുള്ള പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. സിനിമയിൽ ഒരു ഗ്യാങ്സ്റ്ററുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന. ബോളിവുഡ് താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയ്ക്കായ് ഹെയർ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്.