ടൈറ്റാനിക്കിന്റെ ക്ലൈമാക്‌സ് ഇങ്ങനെ ആയിരുന്നെങ്കിലോ? വിഡിയോ വൈറല്‍, പൊളിഞ്ഞുപാളീസായേനെ എന്നു വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 11:32 AM |
Last Updated: 22nd February 2021 11:32 AM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
എക്കാലത്തെയും മികച്ച റൊമാന്റിക്-ട്രാജഡി എന്നാണ് 1997-ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രം പ്രേക്ഷകഹൃദയങ്ങളെ ഒന്നടങ്കം സ്പർശിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രണയവും ജാക്കിന്റെ ദാരുണമായ അന്ത്യവുമെല്ലാം പ്രേക്ഷകരുടെ കരളലിയിച്ചതാണ്. എന്നാൽ സിനിമയുടെ വ്യത്യസ്തമായ ഒരു ക്ലൈമാക്സാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വൃദ്ധയായ റോസ് തന്റെ പ്രതിശ്രുത വരനിൽനിന്ന് ലഭിച്ച ഡയമണ്ട് നെക്‌ലേസ് കടലിൽ കളയുന്ന രംഗം മറ്റൊരു തരത്തിൽ കൂടി സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രീകരിച്ചിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഡയമണ്ട് നെക്‌ലേസുമായി നിൽക്കുന്ന റോസും ട്രഷർ ഹണ്ടറായ ബ്രോക്ക് ലോവെറ്റും റോസിന്റെ പേരക്കുട്ടിയുമെല്ലാം ഉൾപ്പെട്ടതാണ് ഈ രംഗം. അതേസമയം സിനിമയിലെ യഥാർത്ഥ രംഗത്തിൽ ഡയമണ്ട് നെക്‌ലേസ് കടലിൽ ഉപേക്ഷിക്കുമ്പോൾ റോസ് തനിച്ചാണുള്ളത്.
The alternate ending to Titanic is hilarious. This would have absolutely ruined the film for me pic.twitter.com/L3vSrSb72e
— Pat Brennan (@patbrennan88) February 16, 2021
ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ക്ലൈമാസ് രംഗം കണ്ടത്. എന്നാൽ ഇത്തരത്തിൽ അവസാനിച്ചിരുന്നെങ്കിൽ സിനിമ മൊത്തത്തിൽ മോശമായേനെ എന്നാണ് ട്വിറ്ററിൽ ഉയരുന്ന അഭിപ്രായം. ഈ ക്ലൈമാക്സ് ടൈറ്റാനിക്ക് സിനിമയെ തന്നെ മുക്കികളഞ്ഞേനെ എന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.
ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സഹനിർമ്മാണവും ജെയിംസ് കാമറൂൺ തന്നെയാണ്. ആദ്യയാത്രയിൽ തന്നെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഭീമൻ മഞ്ഞുപാളിയിൽ ഇടിച്ച് തകരുകയായിരുന്നു ടൈറ്റാനിക്.