'കഴിവ് പാരമ്പര്യമാണ്', വിസ്മയയ്ക്ക് ആശംസകളുമായി ബിഗ് ബി; നന്ദി പറഞ്ഞ് മോഹൻലാലും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 11:42 AM |
Last Updated: 23rd February 2021 11:42 AM | A+A A- |
അമിതാഭ് ബച്ചൻ, വിസ്മയ/ ചിത്രം: ട്വിറ്റർ
മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാ സമാഹാരത്തിന് ആശംസകൾ കുറിച്ച് ബിഗ് ബി. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന വിസ്മയയുടെ പുസ്തകം പങ്കുവച്ചാണ് അമിതാഭ് ബച്ചൻ ആശംസ അറിയിച്ചത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്തുളളതാണ് പുസ്തകം.
“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ഇല്ല്യുസ്ട്രേഷനും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ,” ബച്ചൻ ട്വീറ്ററിൽ കുറിച്ചു.
മകളുടെ പുസ്തകത്തെക്കുറിച്ച് എഴുതാൻ സമയം കണ്ടെത്തിയ ബച്ചന് മോഹൻലാൽ നന്ദി കുറിച്ചിട്ടുമുണ്ട്. അഭിനന്ദനം താങ്കളിൽ നിന്നാകുമ്പോൾ അത് ഏറ്റവും ഉന്നതങ്ങളിൽ നിന്ന് കിട്ടുന്നതാണ് എന്നാണ് മോഹൻലാലിന്റെ ട്വീറ്റ്. അതേസമയം, ‘കഴിവ് പാരമ്പര്യമാണ്,’ എന്ന ബച്ചന്റെ പരാമർശം വിമർശിക്കപ്പെടുന്നുണ്ട്. നെപ്പോട്ടിസം വിട്ടൊരു കളിയില്ല അല്ലേ എന്നാണ് ചിലരുടെ ചോദ്യം.