തിയറ്റര്‍, പ്രീസ്റ്റ് സിനിമയില്‍ മമ്മൂട്ടി/ ഫയല്‍ ചിത്രം
തിയറ്റര്‍, പ്രീസ്റ്റ് സിനിമയില്‍ മമ്മൂട്ടി/ ഫയല്‍ ചിത്രം

സെക്കന്‍ഡ് ഷോ തിങ്കളാഴ്ച മുതല്‍? ; അനുമതിയില്ലെങ്കില്‍ പ്രീസ്റ്റ് റിലീസ് നീട്ടും

വിവിധ സിനിമാ സംഘടനകളില്‍ നിന്ന് ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്

കൊച്ചി; സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. അടുത്ത മാസം മുതല്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ആരംഭിച്ചേക്കും. വിവിധ സിനിമാ സംഘടനകളില്‍ നിന്ന് ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. മാര്‍ച്ച് ഒന്നുമുതലാവും സെക്കന്‍ഡ് ഷോ ആരംഭിക്കുക. സിനിമകള്‍ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിക്കൊടുക്കുന്ന രാത്രി ഷോകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാണിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

മാസങ്ങള്‍ നീണ്ട അടച്ചുപൂട്ടലിന് ഒടുവില്‍ ജനുവരി മുതലാണ് സംസ്ഥാനത്തെ തിയറ്ററുകള്‍ പകുതി സീറ്റുകളിലേക്ക് പ്രവേശനം അനുവദിച്ചത്. രാവിലെ ഒമ്പതു മുതല്‍ രാത്രി 9 വരെയുള്ള മൂന്ന് ഷോകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. 'കുടുംബങ്ങള്‍ സാധാരണ തിയറ്ററുകളിലെത്തുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് സിനിമ സംഘടനയായ കേരള ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുകൂലമായ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റെ സിയാദ് കൊകര്‍ പറഞ്ഞു. 

ഈ മാസം മാര്‍ച്ച് 31 വരെ വിനോദ നികുതിയില്‍ ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ സിനിമകള്‍ക്ക് മികച്ച കളക്ഷന്‍ ലഭിച്ചാല്‍ മാത്രമേ നിര്‍മാതാക്കള്‍ക്ക് തിയറ്റര്‍ ഉടമകള്‍ക്കും ഗുണമുണ്ടാകൂ. അതിനായി വമ്പന്‍ സിനിമകളാണ് റിലീസ് ചെയ്യേണ്ടത്. എന്നാല്‍ സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ നിര്‍മാതാക്കള്‍ റിലീസിന് മടിക്കുകയാണെന്നും സിയാദ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി നായകനായി എത്തുന്ന പ്രീസ്റ്റാണ് റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍താര ചിത്രം. മാര്‍ച്ച് 4 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കാനായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാര്‍. മാര്‍ച്ച് ഒന്നിന് സെക്കന്‍ഡ് ഷോ ആരംഭിച്ചില്ലെങ്കില്‍ റിലീസ് മാറ്റിവെക്കാനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com