പേര് കൊണ്ട് മുസ്ലീമായതിൽ കാര്യമില്ല, വിഡിയോയ്ക്ക് താഴെ വിമർശകൻ; മറുപടിയുമായി നൂറിൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2021 04:31 PM |
Last Updated: 28th February 2021 05:18 PM | A+A A- |
ഒമർലുലുവിന്റെ അഡാർ ലൗവിലൂടെ മലയാളികളിൽ ഇടം കണ്ടെത്തിയ നടിയാണ് നൂറിൻ ഷെരീഫ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമ ജീവിതം തുടങ്ങിയ സമയത്തു പൊട്ടിക്കരയേണ്ടി വന്ന സ്ഥലത്ത് തന്റെ ഹോൾഡിങ്സ് ഉയർന്നതാണ് താരത്തിന്റെ മനസ് നിറച്ചത്. എന്നാൽ അതിന് താഴെ വന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്.
തന്റെ വലിയ ചിത്രത്തിന് താഴെ നിൽക്കുന്ന വിഡിയോ ആണ് നൂറിൻ പങ്കുവെച്ചത്. ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ Masha Allah സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ.
അതിന് പിന്നാലെ താരത്തെ വിമർശിച്ചുകൊണ്ട് ചില കമന്റുകൾ എത്തി. തട്ടം ഇടാത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കമന്റ്. പേര് കൊണ്ട് മുസ്ലീമായതുകൊണ്ട് കാര്യമില്ല. സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം- എന്നാണ് ഒരാൾ കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഇയാൾക്ക് മറുപടിയുമായി നൂറിൻ എത്തി. അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ- എന്നാണ് താരം കുറിച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.