കലാഭവൻ മണിക്ക് ഇന്ന് 50ാം പിറന്നാൾ, പ്രിയതാരത്തിന്റെ ഓർമകളുമായി മാഷപ്പ് വിഡിയോ; കണ്ണീരണിഞ്ഞ് ആരാധകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2021 12:11 PM |
Last Updated: 01st January 2021 12:11 PM | A+A A- |
കലാഭവൻ മണി/ മാഷപ് വിഡിയോയിൽ നിന്ന്
അകാലത്തിൽ വിടപറഞ്ഞ മലയാളികളുടെ പ്രിയ താരം കലാഭവൻ മണിയുടെ അമ്പതാം ജന്മദിനമാണ് ഇന്ന്. അഞ്ചു വർഷത്തെ വേർപാടിനിടയിൽ ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ടവനായി തുടരുകയാണ് മണി. ഇപ്പോൾ ഇതാ മലയാളത്തിന്റെ കറുത്ത മുത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ മാഷപ്പ് വിഡിയോയുമായി എത്തുകയാണ് ലിന്റോ കുര്യൻ.
മണിയുടെ കലാ ജീവിതത്തിലെ ആദ്യഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ മാഷപ്പിൽ നിറഞ്ഞു നിൽക്കുന്നു. കൊമേഡിയനായും വില്ലനായും നായകനായും പകർന്നാടിയ കഥാപാത്രങ്ങളെല്ലാം വിഡിയോയിൽ മിന്നിമറയുന്നുണ്ട്. ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സിനിമ പ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്നതാണ്.
ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായാണ് മണി ജനിച്ചത്. മിമിക്രിയിലൂടെ സിനിമയിലെത്തിയ താരം തന്റെ സ്വതസിന്തമായ ശൈലിയിലൂടെ തെന്നിന്ത്യൻ സിനിമ ലോകം കീഴടക്കുകയായിരുന്നു. 2016 മാർച്ച് ആറിനാണ് സിനിമപ്രേമികളെ കണ്ണീരിലാഴ്ത്തി മണി വിടപറഞ്ഞത്. മലയാളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ.