'കാവലിന് ഏഴ് കോടി രൂപ വാഗ്ദാനം, ഒടിടി റിലീസിന് കൊടുത്തില്ല'; ജോബി ജോർജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 10:25 AM |
Last Updated: 04th January 2021 10:25 AM | A+A A- |
സുരേഷ് ഗോപിയും ജോബി ജോർജും കാവലിന്റെ ചിത്രീകരണത്തിനിടെ/ ഫേയ്സ്ബുക്ക്
മോഹൻലാലിന്റെ ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ മലയാള സിനിമാലോകത്ത് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. തിയറ്റർ ഉടമകൾ ഉൾപ്പടെ മോഹൻലാലിനും അണിയറ പ്രവർത്തകർക്കുമെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ജോബി ജോർജ്. തന്റെ കാവൽ, വെയിൽ എന്നീ ചിത്രങ്ങൾക്കായി ഒടിടി പ്ലാറ്റ്ഫോമുകൾ സമീപിച്ചിരുന്നെന്നും എന്നാൽ വേണ്ടെന്നുവക്കുകയായിരുന്നെന്നും ജോബി കൂട്ടിച്ചേർത്തു.
‘ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് വെയില്‍, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നി. മാത്രവുമല്ല സുരേഷ് ഗോപി നായകനായ കാവല്‍ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒടിടി വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ തിയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ല.’ ജോബി ജോർജ് പറഞ്ഞു.
എല്ലാ സിനിമകളും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. പ്രൊഡക്‌ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിയറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒടിടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാലാണ് കൂടുതൽ സിനിമകൾ ഒടിടിയില്‍ റിലീസിനെത്തുന്നതെന്നും ജോബി കൂട്ടിച്ചേർത്തു. നീണ്ട നാളുകൾക്ക് ശേഷം നാളെ തിയറ്ററുകൾ തുറക്കാനിരിക്കുകയാണ്.