ഇതെന്റെ ജീവിതമാണ്, ആ വാക്കുകൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞു; രതീഷ് വേ​ഗ

തന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അനിൽ പനച്ചൂരാൻ, രതീഷ് വേ​ഗ/ ഫേയ്സ്ബുക്ക്
അനിൽ പനച്ചൂരാൻ, രതീഷ് വേ​ഗ/ ഫേയ്സ്ബുക്ക്

ലയാള സിനിമയ്ക്ക് തീരാ നഷ്ടം സമ്മാനിച്ചുകൊണ്ടാണ് പ്രിയ ​ഗാന രചയിതാവ് അനിൽ പനച്ചൂരാൻ വിട പറഞ്ഞത്. പ്രിയ എഴുത്തുകാരന്റെ അപ്രതീക്ഷിത വിയോ​ഗം മലയാളികൾക്കും സിനിമാപ്രവർത്തകർക്കും ഞെട്ടലായിരുന്നു. ഇപ്പോൾ തന്റെ 'പനച്ചു'വിനെ ഓർമിക്കുകയാണ് സം​ഗീത സംവിധായകൻ രതീഷ് വേ​ഗ. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനിൽ പനച്ചൂരാനുമായി ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഓർമ പങ്കുവെച്ചത്. ​രതീഷിന്റെ ആദ്യ ചിത്രമായ കോക്ക്ടെയിലിൽ വരികൾ ഒരുക്കിയത് അനിലായിരുന്നു. തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന്‌ ഞാൻ സ്വയം വിലയിരുത്തുന്ന ഗാനമാണ് ഇതെന്നും രതീഷ് കുറിച്ചു. തന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രതീഷ് വേ​ഗയുടെ കുറിപ്പ് വായിക്കാം

"നീയാം തണലിന് താഴെ..
ഞാനിനി അലിയാം കനവുകളാൽ"

'കോക്ക്ടെയിൽ' എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളിൽ ഇടം നൽകുന്നത്.

'പനച്ചു' എന്ന്‌ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി അനിൽ പനച്ചൂരാൻ.

അദ്ദേഹവുമായി എന്റെ ഓർമ്മകൾ ആദ്യമായി സംഗീതം നൽകിയ Cafelove എന്ന ആൽബത്തിലെ 'കിളിവാതിൽ മെല്ലെ' എന്ന ഗാനത്തിൽ നിന്നും തുടങ്ങുന്നു. പിന്നീട് 'കോക്ക്ടെയിൽ' എന്ന ഞാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രത്തിലേക്ക്.

ഇന്നും എന്നും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികൾ എഴുതിയ രാത്രി

കൊച്ചി എടശ്ശേരി മാൻഷൻ ഹോട്ടലിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന്‌ ഞാൻ സ്വയം
വിലയിരുത്തുന്ന ഗാനം പിറന്നത്.

'നീയാം തണലിന് താഴെ' എന്ന വാക്കുകൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞത് "ഇതെന്റെ ജീവിതമാണ്, നിങ്ങൾ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാൻ ഉണ്ടാകണമോ എന്ന്‌ വിലയിരുത്തപ്പെടേണ്ടത്"

ഈണങ്ങൾ ആത്മാവിനോട് ചേരുന്നത് ഹൃദയത്തോട് ചേർന്നു നിൽക്കുന്ന  വരികളിലൂടെയാണ്.

കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു.

ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും.

എന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ്.

ആദരാഞ്ജലികൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com