'ഇനിയിപ്പോൾ സെക്‌സിനും വിലയിടുമോ? കുഞ്ഞുങ്ങളെ വളർത്തുന്നതിനു ശമ്പളം തരുമോ?' കമൽഹാസനെതിരെ കങ്കണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 03:17 PM |
Last Updated: 05th January 2021 03:17 PM | A+A A- |
കങ്കണ റണാവത്ത്, കമൽഹാസൻ/ ചിത്രം: ഫേസ്ബുക്ക്
വീട്ടമ്മമാർക്ക് മാസശമ്പളമെന്ന നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസന്റെ നിർദേശത്തെ എതിർത്ത് ബോളിവുഡ് നടി കങ്കണ റണാവത്ത്. വീടിന്റെ ഉടമയെ ഒരു ജീവനക്കാരിയായി തരംതാഴ്ത്തുന്നതാണ് ഇതെന്ന് നടി അഭിപ്രായപ്പെട്ടു. ദൈവത്തിന് അവന്റെ സൃഷ്ടിക്കുള്ള പ്രതിഫലം നൽകുന്നതിനോടാണ് കമൽഹാസന്റെ പ്രസ്താവനയെ നടി ഉപമിച്ചത്.
"പ്രിയപ്പെട്ടവനൊപ്പമുള്ള ലൈംഗികതയ്‌ക്ക് ഒരു വില നിശ്ചയിക്കരുത്, ഞങ്ങളുടെ സ്വന്തം ചോരയെ നോക്കുന്നതിന് ശമ്പളം ആവശ്യമില്ല, ഞങ്ങളുടെ ചെറിയ രാജ്യമായ ഞങ്ങളുടെ സ്വന്തം വീട്ടിലെ രാജ്ഞികളായിരിക്കുന്നതിന് ഞങ്ങൾക്ക് ശമ്പളം വേണ്ട, എല്ലാം ബിസിനസ്സായി കാണുന്നത് നിർത്തുക. എന്നാണ് കങ്കണയുടെ ട്വീറ്റ്.
"ഒരു വീട്ടുടമസ്ഥനെ വീട്ടുജോലിക്കാരായി കുറയ്ക്കുന്നതും, അമ്മമാരുടെ ത്യാഗങ്ങൾക്കും ജീവിതകാലം മുഴുവൻ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും വില നൽകുന്നതും മോശമായിരിക്കും. പെട്ടെന്നുണ്ടായ സഹതാപത്തിന്റെ പുറത്ത് ദൈവത്തിന് അവൻ നിർവ്വഹിച്ച സൃഷ്ടികൾക്ക് പ്രതിഫലം നൽകുന്നതുപോലെയായിരിക്കും അത്. ഇത് ഓരേസമയം വേദനയുളവാക്കുന്നതും തമാശയായി തോന്നുന്നതുമാണ് , മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചു.
കോൺഗ്രസ് എംപി ശശി തരൂർ കമൽഹാസന് പിന്തുണയറിയിച്ചതിന് പിന്നാലെയാണ് കങ്കണ വിയോജിപ്പുമായി എത്തിയത്. വീട്ടമ്മമാർക്ക് പ്രതിമാസ വേതനം നൽകുന്ന കമൽഹാസന്റെ ആശയത്തെ സ്വാഗതം ചെയ്യുകയായിരുന്നു തരൂർ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് മാസശമ്പളം നൽകുമെന്നാണ് കമൽഹാസന്റെ വാഗ്ദാനം. സ്ത്രീശാക്തീകരണത്തിനാണ് തന്റെ പാർട്ടി മുൻഗണന നൽകുന്നതെന്ന് പറഞ്ഞായിരുന്നു ഈ പ്രഖ്യാപനം.