ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് നടി ബനിത സന്ധുവിന് കോവിഡ്, ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം; സർക്കാർ ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 11:47 AM |
Last Updated: 06th January 2021 11:47 AM | A+A A- |
ബനിത സന്ധു/ ഫേയ്സ്ബുക്ക്
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് നടി ബനിത സന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസാണെന്ന സംശയത്തിൽ നടിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആംബുലൻസിൽ നിന്ന് ഇറങ്ങാൻ തയാറായില്ല. തുടർന്ന് ബനിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിൽ വച്ചാണ് നടിക്ക് പോസിറ്റീവാകുന്നത്.
കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്‍ത അതേ വിമാനത്തിലായിരുന്നു ബനിതയും യാത്ര ചെയ്തിരുന്നത്. തുടർന്ന് ബനിതയ്‍ക്കും കൊവിഡ് വകഭേദം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൊവിഡ് പൊസിറ്റീവായതിനാല്‍ ബനിത സന്ധുവിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആംബുലൻസില്‍ എത്തിച്ചിരുന്നു. കൊവിഡ് വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ നിന്ന് വന്നവരെ പ്രത്യേകമായി പാര്‍പ്പിക്കാൻ സംവിധാനമുള്ള, കൊല്‍ക്കത്തിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് ബനിത ആംബുലൻസില്‍ നിന്ന് ഇറങ്ങാൻ തയാറായില്ലെന്ന് വാര്‍ത്ത ഏജൻസിയായി പിടിഐ പറയുന്നു.
തുടർന്ന് ആരോഗ്യ പ്രവർത്തകർ സംസ്ഥാന സെക്രട്ടേറിയറ്റിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. പ്രോട്ടോക്കോളിന് വിരുദ്ധമായ രീതിയില്‍ പോകാൻ ഞങ്ങൾക്ക് കഴിയാത്തതിനാൽ ബ്രിട്ടീഷ് ഹൈക്കമിഷനെ അറിയിച്ചു. ഒടുവില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒറ്റപ്പെട്ട ക്യാബിനില്‍ പാര്‍പ്പിക്കുകയാണ് ഉണ്ടായത് എന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കൊവിഡിന്റെ വകഭേദം വന്നിട്ടുണ്ടോയെന്ന് അറിയാൻ ബനിത സന്ധുവിന്റെ സാമ്പിളുകള്‍ പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ അതിന് അനുസരിച്ചുള്ള പ്രോട്ടോക്കോള്‍ പിന്തുടരുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
കവിത ആൻഡ് തെരേസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ബനിത ഇന്ത്യയിൽ എത്തിയത്. ഒക്ടോബർ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. തുടർന്ന് തമിഴ് ചിത്രം ആദിത്യ വർമയിലും അഭിനയിച്ചു.